മാനന്തവാടി: ദീർഘദൂര സർവീസിനായി മാനന്തവാടിയിലെത്തിച്ച അഞ്ച് ശബരി സൂപ്പർ ഡീലക്സ് ബസുകളിൽ രണ്ടെണ്ണം ശനിയാഴ്ച ഓടിത്തുടങ്ങും. പത്തനംതിട്ടയിലേക്കും തിരിച്ചുമാണ് സർവീസ് ആരംഭിക്കുന്നത്. ചീഫ് ഓഫീസിൽനിന്നു അനുമതി ലഭിക്കുന്ന മുറയ്ക്ക് തിരുവനന്തപുരം സർവീസ് തുടങ്ങും. ഫെബ്രുവരി 15ന് ഡിപ്പോയിലെത്തിച്ച ബസുകൾ രണ്ടര മാസമായി വെറുതെ കിടക്കുകയായിരുന്നു.
തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്നതിനു രണ്ടു വീതവും ഇവയിലൊന്നിനു കേടുപാടു സംഭവിച്ചാൽ ട്രിപ്പ് മുടങ്ങാതിരിക്കുന്നതിനു ഒന്നും എന്ന നിലയിലാണ് അഞ്ചു ബസുകൾ എത്തിച്ചത്. ചീഫ് ഓഫീസിൽനിന്നു അനുമതി ലഭിക്കാതിരുന്നതാണ് സർവീസുകൾ തുടങ്ങുന്നതിനു വിഘാതമായത്. ഒ.ആർ. കേളു എംഎൽഎയുടെ നിരന്തര ഇടപെടലിനെത്തുടർന്ന് പത്തനംതിട്ട സർവീസ് തുടങ്ങുന്നതിനു ചീഫ് ഓഫീസ് ചൊവ്വാഴ്ച അനുമതി നൽകിയത്.
ദിവസവും രാത്രി 10.30നു മാനന്തവാടിയിൽനിന്നു പുറപ്പെട്ട് തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴിയാണ് ബസ് പത്തനംതിട്ടയിലെത്തുക. ദിവസവും വൈകുന്നേരം ഏഴിന് പത്തനംതിട്ടയിൽനിന്നു ഇതേ റൂട്ടിൽ മറ്റൊരു ബസ് മാനന്തവാടിക്കും പുറപ്പെടും. തിരുവന്തപുരം സർവീസിനും അനുമതി ലഭിക്കുന്നതോടെ എല്ലാ ബസുകളും ഓടിത്തുടങ്ങും. പത്തനംതിട്ട സർവീസിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30നു ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും.