തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരേ മൂന്നാറിൽ നടക്കുന്ന സമര പന്തൽ പൊളിച്ചതിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നാറിലെ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് അദ്ദേഹം പറഞ്ഞു. അവർ അക്രമ സമരമല്ല, ഗാന്ധിയൻ മാർഗത്തിലുള്ള സമരമാണ് നടത്തിയതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
സമരക്കാർക്കിടയിൽ ഭിന്നതയെത്തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആർ.നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്.
ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്നങ്ങൾക്കു പിന്നിലെന്നു പൊമ്പിള ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ ആരോപിച്ചിരുന്നു.