കടുത്തുരുത്തി: 88-ാം വയസിലും ചൂലുണ്ടാക്കി ജീവിക്കുന്ന അന്ന ചേടത്തി കൗതുകവും പുതുതലമുറയ്ക്കുള്ള സന്ദേശവുമാണ് ജീവിതത്തിലൂടെ കൈമാറുന്നത്. പാലകര സെന്റ് ആന്റണീസ് എൽപി സ്കൂളിന് സമീപം വർഷങ്ങളായി ചൂൽ നിർമിച്ചു വിൽപന നടത്തുകയാണ് പാലകര ലക്ഷംവീട് കോളനിയിലെ അന്ന ചേടത്തി. ദിവസം മൂന്ന് ചൂലുകളാണ് ചേടത്തി ഉണ്ടാക്കുന്നത്. ഒന്നിന്റെ വില അന്പത് രൂപയാണ്.
ചില ദിവസങ്ങളിലെല്ലാം മൂന്ന് ചൂലുകളും വിറ്റു പോകാറുണ്ട്. എന്നാൽ പലപ്പോഴും ചൂലുകൾ തിരിച്ചു വീട്ടിലേക്കു കൊണ്ടു പോകേണ്ടി വരുന്നതായും അന്ന ചേടത്തി പറയുന്നു. അയൽവക്കത്തെ വീടുകളിലും പറന്പുകളിലും നിന്നാണ് ചൂല് നിർമിക്കാനുള്ള ഓല ചേടത്തി ശേഖരിക്കുന്നത്.
ഒരു ചൂല് നിർമിക്കാൻ മൂന്ന് മണിക്കൂറോളം സമയമെടുക്കുമെന്നും ചേടത്തി പറയുന്നു. മക്കൾ തന്നെ നോക്കുന്നുണ്ടെങ്കിലും സ്വന്തമായി അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന്റെ മൂല്ല്യം വലുതാണെന്നും ഇത്തരത്തിൽ പണം സന്പാദിക്കുന്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വലുതാണെന്നും അന്ന ചേടത്തി പറയുന്നു.
ഇപ്പോഴത്തെ തലമുറയിൽപെട്ട യുവാക്കളിൽ പലരും പണിയെടുക്കാതെ നടക്കുന്നത് കാണുന്പോൾ സങ്കടമുണ്ടെന്ന് അന്ന ചേടത്തി പറയുന്നു. ചില ചെറുപ്പക്കാർ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം മദ്യത്തിനും മറ്റു ലഹരിക്കും വേണ്ടി നശിപ്പിക്കുന്നത് കാണുന്പോൾ സ്വന്തം ജീവിതം തന്നെയാണ് നശിപ്പിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അന്ന ചേടത്തി മുന്നറിയിപ്പ് നൽകുന്നു.