സുഖ്മയില്‍ നക്സലൈറ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പൂര്‍ണ ചെലവ് ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വ്യക്തമാക്കി. കുട്ടികളെ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ആണ് ഏറ്റെടുക്കുന്നത്. മക്കളുടെ എല്ലാ ചെലവും ഫൗണ്ടേഷന് ഏറ്റെടുക്കും. ടിവിയില്‍ സൈനികരുടെ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ അവരുടെ മുഖം തന്നെ അതീവ ദുഃഖിതനാക്കിയെന്ന് ഗംഭീര്‍ പറഞ്ഞു.
ആക്രമണത്തെ ഗൗതം ഗംഭീര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സുഖ്മ സംഭവത്തിന് പ്രതികാരം ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ആക്രമണത്തിന് ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റനായ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീം കയ്യില്‍ കറുത്ത ബാന്‍ഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്. ഗൗതം ഗംഭീറിന്റെ ഈ നടപടിയെ സോഷ്യല്‍ മീഡിയ കയ്യടിയോടെയാണ് എതിരേറ്റത്.