ചേർത്തല: മൂല്യച്യുതി സംഭവിച്ച ഉദ്യോഗസ്ഥരെ ഇനി ഇത് നടക്കില്ലെന്ന് ബോധ്യപ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻസിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അധികാരത്തിൽ ഇരുന്നവർ ഭരണയന്ത്രത്തെ ദുഷിപ്പിച്ചു.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരിലും മൂല്യച്യുതിയും അപചയവും വന്നു.എന്തും ആകാമെന്ന സ്ഥിതി വന്നു. ഇത്തരത്തിൽ തകർന്ന സംവിധാനമാണ് എൽഡിഎഫ് ഭരണത്തിൽ വരുന്പോഴുണ്ടായിരുന്നത്. ഇതിനെ നേരായ മാർഗത്തിലേക്ക് എത്തിക്കൽ സ്വിച്ച് ഇട്ടതുപോലെ നടക്കില്ല. സമയം എടുക്കും. ചിലരെയെങ്കിലും ഇത് നടക്കില്ലെന്ന് ബോധ്യപ്പെടുത്തേണ്ടിയും വരും.
എൽഡിഎഫ് സർക്കാരിൽ അർപ്പിച്ച വിശ്വാസം പാഴാവില്ല. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കുന്ന പ്രചരണരീതികളാണ് നാട്ടിലുള്ളത്. ഇടതുപക്ഷം ദേശീയതലത്തിൽ വലിയ ശക്തിയല്ലെങ്കിലും കേരളത്തിലെ എൽഡിഎഫിനെ നേരിടാനാണ് ബിജെപിയുടെ അജണ്ട. ഏതുതരം അജണ്ടയും നേരിടുവാനും പ്രതിരോധിക്കുവാനും പരിചയവും കഴിവുമുള്ളവരാണ് എൽഡിഎഫ് പ്രവർത്തകരെങ്കിലും ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കാണണമെന്നും പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാനും പരിസ്ഥിതി സംരക്ഷണത്തിനും പരന്പരാഗത തൊഴിൽ മേഖലയെ രക്ഷിക്കുവാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
എല്ലാ വീടിനും കുടുംബഡോക്ടർ എന്ന രീതിയിലേക്ക് മാറണമെന്നതാണ് സർക്കാർ തീരുമാനം. ഇതിന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റും. ഡോക്ടർമാരുടെ എണ്ണവും ഇരട്ടിയാക്കും. മെഡിക്കൽ കോളജ് മുതൽ താലൂക്ക് ആശുപത്രികൾ വരെ സൂപ്പർ സ്പെഷാൽറ്റി ചികിൽസ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കള്ള് ചെത്തു മേഖലയിലെ പ്രശ്നങ്ങൾ ഗുരുതരമാണെന്നും ഇത് പരിഹരിക്കുവാൻ സർക്കാർ എല്ലാതരത്തിലും ഒപ്പമുണ്ടാകുമെന്നും പിണറായി പറഞ്ഞു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, കെ.എം. സുധാകരൻ, എം. സുരേന്ദ്രൻ, കെ. പ്രസാദ്, ജി. വേണുഗോപാൽ, ആർ. നാസർ, സി.കെ. കരുണാകരൻ, കെ.വി. തങ്കപ്പൻ, ബി. വിനോദ്, കെ. രാജപ്പൻ നായർ എന്നിവർ പ്രസംഗിച്ചു.