നിങ്ങള്‍ അടുത്തെങ്ങാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോകുന്നുണ്ടോ. ഉണ്ടെങ്കില്‍ ചായയും ചെറുകടിയും കഴിക്കാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ ഇതൊന്നു വായിച്ചിരിക്കുന്നത് നല്ലതാണ്. കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ടെര്‍മിനലിലെ ഹോട്ടലിലെ ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി നായരാണ് നെടുമ്പാശേരിയിലെ ഹോട്ടല്‍ കൊള്ളയുടെ ബില്ല് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 22ന് പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഹോട്ടലില്‍ ഒരു ചായയും ഓരോ പരിപ്പുവടയും പഴംപൊരിയും കഴിച്ചതെന്ന് ബില്ലില്‍നിന്ന് വ്യക്തമാണ്. ചായയ്ക്ക് 80 രൂപ ഈടാക്കിയപ്പോള്‍ പഴംപൊരിക്ക് 60ഉം പരിപ്പുവടയ്ക്ക് 80 രുപയുമാണ് നിരക്ക്. നികുതി ഉള്‍പ്പെടെ 318 രൂപ!
കഴിഞ്ഞ സെപ്റ്റംബറില്‍ സിനിമതാരം അനുശ്രീയും സമാനമായൊരു ബില്ല് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് പഫ്‌സിന് 250 രൂപയും ചായയ്ക്ക് 80 രൂപയുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈടാക്കിയത്. അനുശ്രീയുടെ പോസ്റ്റ് വൈറലാകുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്‌റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിപ്പിച്ചത്. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ സംഭവം അടിവരയിടുന്നത്.