പുതിയ ചിത്രം രംഗൂണിന്റെ ബോക്സ് ഓഫീസ് പരാജയം തന്റെ ഹൃദയം തകർത്തുവെന്ന് ബോളിവുഡ് താരം കങ്കണ. വാണിജ്യപരമായ വിജയത്തിനാവശ്യമായ എല്ലാ ഘടകങ്ങളും സിനിമയിലുണ്ടായിട്ടും സിനിമ പരാജയപ്പെട്ടു. ഇത് തനിക്ക് വ്യക്തിപരമായുണ്ടായ ഒരു പരാജയമായാണ് കാണുന്നത്. അഭിനയിക്കുന്ന സിനിമകളുടെ പരാജയം തനിക്ക് ഇത്രയേറെ വിഷമമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. താരങ്ങൾ വളരുന്നതിനനുസരിച്ച് വിജയങ്ങളും പരാജയങ്ങളും അവരെ കൂടുതലായി ബാധിക്കുമെന്നും കങ്കണ പറഞ്ഞു. എന്നാൽ പരാജയങ്ങളെക്കുറിച്ചോർത്ത് സമയം കളയാൻ കങ്കണയില്ല. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ.
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത റംഗൂണിൽ 1940 കളിലെ അഭിനേത്രിയായ മിസ് ജൂലിയ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. ഷാഹിദ് കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങി വൻ താരനിര അണിനിരന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. കങ്കണ അവതരിപ്പിച്ച കഥാപാത്രത്തെ മുൻനിറുത്തിയായിരുന്നു സിനിമയുടെ പ്രചാരണങ്ങളെല്ലാം നടത്തിയിരുന്നത്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കങ്കണയുടെ റംഗൂണിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് സിനിമകൾ വിജയിപ്പിച്ചിട്ടുള്ളയാളാണ് കങ്കണ.