കോട്ടയം: കോട്ടയം നഗരത്തിന്റെ സ്വപ്നപദ്ധതിയായ ആകാശനടപ്പാതയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനിടെ നഗരസഭാ സ്ഥലത്ത് ആകാശപ്പാതയുടെ ചവിട്ടുപടി നിർമാണത്തിന് നഗരസഭ കൗണ്‍സിൽ അനുമതി നൽകി. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചു തീരുമാനമുണ്ടായത്. നഗരത്തിന്റെ വികസനത്തിന് ആകാശനടപ്പാത അനിവാര്യമാണെന്നു ഭരണപക്ഷം വിലയിരുത്തി.
പ്രതിപക്ഷ എതിർപ്പ് വകവയ്ക്കാതെയാണു ഭരണപക്ഷം അനുമതി നല്‍കിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭ നിലവിൽ സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടിലാണ്. കെട്ടിടം ഇനിയും വികസിപ്പിക്കാൻ കഴിയില്ല എന്നുമാത്രമല്ല, നിലവിലെ പാർക്കിംഗ് പോലും അനിശ്ചതാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ആകാശനടപ്പാത നിർമാണത്തിന് സ്ഥലം വിട്ടുനൽകിയാൽ നഗരസഭാ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സ്ഥലം വിട്ടു നൽകുന്നതും നിർമാണത്തിനു മാത്രമായി അനുമതി നൽകുന്നു എന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. നിർമാണത്തിന് അനുമതി നൽകുന്നതോടെ സ്ഥലത്തു പിന്നെ നഗരസഭയ്ക്ക് അവകാശമില്ലെന്ന സ്ഥിതി ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. നഗരസഭയ്ക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകുന്പോഴും പദ്ധതിയെക്കുറിച്ച് അംഗങ്ങൾക്കോ, നഗരസഭ അധികാരികൾക്കോ ഒന്നും അറിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നഗരസഭ സ്ഥലം വിട്ടുകൊടുക്കണമെന്ന അവസ്ഥയിലാണ് ഇക്കാര്യം കൗണ്‍സിലിൽ വരുന്നതു തന്നെ. നഗരത്തിനാവശ്യം ആകാശ നടപ്പാതയല്ല. വാഹനത്തിരക്ക് നിയന്ത്രിക്കാൻ പകരം റോഡുകളാണെന്നും അവർ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് അനുമതി നൽകണമെന്നായിരുന്നു ഭരണപക്ഷ നിലപാട്. സ്ഥലം വിട്ടു നല്കുന്നതിൽ തെറ്റില്ലെങ്കിലും പൂർണമായി വിട്ടുനൽകരുതെന്ന് വൈസ് ചെയർപേഴ്സണ്‍ ജാൻസി ജേക്കബ് വാദിച്ചപ്പോൾ സ്ഥലം വിട്ടുനൽകുന്നതിൽ തെറ്റില്ലെന്നും മുന്‍പ് ഒരു രൂപ പോലും വില ഈടാക്കാതെ ശീമാട്ടി റൗണ്ടാനയ്ക്കായി സ്ഥലം നൽകിയിട്ടുണ്ടെന്നുമായിരുന്നു എം.പി. സന്തോഷ് കുമാറിന്റെ അഭിപ്രായം.