മട്ടന്നൂർ: രാഷ്ട്രീയ ശത്രുതയ്ക്കപ്പുറം എന്നും വാക്കുകൾകൊണ്ടും പോരടിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും കോൺഗ്രസ് നേതാവ് കെ.സുധാകരനും വേദി പങ്കിട്ടത് കൗതുകമായി. മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ഇരുവരും വേദിപങ്കിട്ടത്.
വർഷങ്ങൾക്കുമുമ്പ് ഇ.പി.ജയരാജനു വെടിയേൽക്കുകയും സുധാകരൻ സഞ്ചരിച്ച വാഹനത്തിനു നേരേ ബോംബേറുണ്ടാകുകയും ചെയ്തതോടെയാണ് ഇരുവരും ശത്രുക്കളായത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ഈ രാഷ്ട്രീയ ശത്രുതയും ഇവർ കൊണ്ടുനടക്കുന്നു. എന്നും ഇവർ തമ്മിൽ വാക്പോര് നടത്തുകയും വെല്ലുവിളികൾ നടത്തുന്നതും പതിവായിരുന്നു.
കേരള രാഷ്ട്രീയത്തിൽ ഇവർ മാത്രമാണു രാഷ്ട്രീയ ശത്രുക്കളായി ഇപ്പോഴുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇരുവരെയും പങ്കെടുപ്പിച്ചു പരിപാടി നടത്തിയാലും ആരെങ്കിലും ഒരാൾ വിട്ടുനിൽക്കും. ഇതുപോലെ മട്ടന്നൂരിലെ പരിപാടിയിലും രണ്ടിൽ ഒരാൾ മാത്രമാകും പങ്കെടുക്കുകയെന്ന് ജനങ്ങളിൽ സംസാരമുണ്ടായിരുന്നു.
എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടത്തും വലത്തുമാണ് ഇ.പി.ജയരാജനും കെ.സുധാകരനും സ്റ്റേജിൽ ഇരുന്നത്. ഇരുവരുടെയും ഫോട്ടോകൾ എടുക്കാനും ജനങ്ങൾ മറന്നില്ല.