മെഗാസ്റ്റാർ മമ്മൂട്ടി കോളജ് പ്രഫസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ തമിഴ് നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി പോലീസ് വേഷത്തിലെത്തുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുകയാണ്. വരലക്ഷ്മിയെക്കൂടാതെ ഉണ്ണി മുകുന്ദനും പോലീസ് വേഷത്തിലാണെത്തുന്നതെന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ വെളിപ്പെടുത്തി.
ഭവാനി എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് വരലക്ഷ്മി എത്തുന്നത്. സ്ഥിരം പ്രശ്നങ്ങൾ നടക്കുന്ന കോളജിലെ ചിലരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതോടെ പോലീസും യുവാക്കളും ശത്രുതയിലാകുന്നു. ഈ സംഭവം കോളജ് പ്രഫസറായ മമ്മൂട്ടിയുടെ കഥാപാത്രത്തിനുണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ മറ്റൊരു നായിക പൂനം ബജ്വ എത്തുന്നത് കോളജ് ലക്ചററുടെ വേഷത്തിലാണ്.