തുറവൂർ: എടിഎം തട്ടിപ്പിൽ വീട്ടമ്മയുടെ 30,000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി. തുറവൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ മനക്കോടം ഇടപ്പറന്പിൽ വീട്ടിൽ ഭയാനന്ദന്റെ ഭാര്യ ശോഭ(63)യുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 25നായിരുന്നു സംഭവം. ഇവരുടെ ഫെഡറൽ ബാങ്ക് അക്കൗണ്ട് എസ്ബിഐ ബാങ്കുമായി ലിങ്ക് ചെയ്യാനാണെന്നു പറഞ്ഞ് ഫോണിൽ ബാങ്ക് അക്കൗണ്ടിന്റെയും എടിഎം കാർഡിന്റെയും വിശദവിവരങ്ങൾ ചോദിച്ചെങ്കിലും മകൻ വീട്ടിലില്ല.
അര മണിക്കൂർ കഴിഞ്ഞു വിളിക്കുവാൻ പരാതിക്കാരി പറഞ്ഞു. എന്നാൽ പത്തുമിനിറ്റിനു ശേഷം വീണ്ടും തട്ടിപ്പു സംഘം വിളിക്കുകയും അരമണിക്കൂർ കാത്തിരിക്കാൻ പറ്റില്ലെന്നും ഉടൻ മറുപടി ലഭിക്കണമെന്നും അല്ലെങ്കിൽ എസ്എംഎസ് ആയി അയക്കുന്ന ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. രണ്ടു തവണയായി മുപ്പതിനായിരം രൂപയോളം രൂപ ഇവരുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടതായി നൽകിയ പരാതിയിൽ പറയുന്നു. കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.