ഓട്ടോസ്പോട്ട് /അജിത് ടോം
പുറത്തിറങ്ങി ഒന്നര വർഷം പിന്നിടുന്ന ബലേനോയ്ക്കു പറയാനുള്ളത് നേട്ടത്തിന്റെ കഥകളാണ്. പ്രീമിയം ഹാച്ച്ബാക്ക് ഗണത്തിലെ ബെസ്റ്റ് സെല്ലർ, പതിനായിരം കടക്കുന്ന മാസവില്പന, വിദേശികളുടെ പ്രിയവാഹനം തുടങ്ങി അംഗീകാരങ്ങൾ നിരവധിയാണ്. പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടതോടെയാണ് പിന്മുറക്കാരനായി റോഡ് സ്പോട്ട് എന്ന ബലേനോ ആർഎസ് നിരത്തിലെത്തിച്ചത്.
ബലേനോയുടെ പ്രധാന എതിരാളിയായ പോളൊ ജിടിയോട് മല്ലിട്ടു നിൽക്കാനാണ് ആർഎസ് പിറവിയെടുത്തിരിക്കുന്നത്.
പുറംമോടി
മാരുതിയുടെയോ മറ്റ് കമ്പനികളുടെയോ ഹാച്ച്ബാക്കുകളുമായി ഉപമിക്കാനാവാത്ത സ്റ്റൈലാണ് ബലേനോയുടെ മുഖമുദ്ര. ഉയർന്ന ബോണറ്റും ബ്ലാക്ക് ഷേഡിലുള്ള പ്രൊജക്ഷൻ ഹെഡ്ലാന്പും ഹണികോംബ് ഡിസൈനിലുള്ള ചെറിയ ഗ്രില്ലും അതിനു താഴെ “യു’ ഷേപ്പിലുള്ള ക്രോം സ്ട്രിപ്പും ഉൾപ്പെടുത്തിയിരിക്കുന്നു. ബലേനൊ ആർഎസ് ആയപ്പോൾ മുൻവശത്തെ ബന്പറിനു രൂപമാറ്റം വരുത്തുകയും എയർഡാം വലുതാക്കുകയും ചെയ്തിട്ടുണ്ട്. ബന്പറിനു താഴെയുള്ള സ്കേർട്ടും ആർഎസിന്റെ പുതുമയാണ്.
വശങ്ങളിൽനിന്നു നോക്കിയാൽ ആഡംബര കാറിന്റെ പ്രൗഢിയാണ് ആർഎസിനുള്ളത്. 16 ഇഞ്ച് അലോയി വീലുകളുടെ കറുപ്പു നിറവും ഡോറിനു താഴെയായുള്ള സ്കേർട്ടും വശങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. ക്രോം ഫിനീഷിംഗ് ഡോർ ഹാൻഡിലും ബ്ലാക്ക് ബി, സി പില്ലറും ടേണ്‍ ഇൻഡിക്കേറ്ററുള്ള റിയർവ്യൂ മിററും പഴയ ബലേനോയിൽനിന്നു പറിച്ചുനട്ടവയാണ്.
പിൻഭാഗത്തെ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും. പുതുതായി രൂപകല്പന ചെയ്ത ബന്പറാണ് പിൻവശത്തെ പ്രധാന ആകർഷണം. ബോഡി കളറും ബ്ലാക്ക് പ്ലാസ്റ്റിക്കും ചേർന്ന ഡുവൽ ടോണ്‍ ബന്പറാണ് വാഹനത്തിന്. അതിനു താഴെ മെറ്റൽ സ്കിഡ് പ്ലേറ്റുള്ളത് ആർഎസിനു സ്പോർട്ടി ഭാവം പകരുന്നുണ്ട്.
ഹാച്ച്ഡോറിൽ ആർഎസ് എന്ന് ആലേഖനം ചെയ്തതിനു പുറമെ റിയർ ഗ്ലാസിനു താഴെയായി ക്രോം സ്ട്രിപ്പും നല്കിയിരിക്കുന്നു. എന്നാൽ, ടെയിൽ ലാന്പ്, സ്പോയിലർ എന്നിവ പഴയപോലെതന്നെ നിലനിർത്തിയിട്ടുണ്ട്.
ഉൾവശം
കറുപ്പു നിറംകൊണ്ടാണ് ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നതെങ്കിലും ഡാഷ്ബോർഡിലും എസി വെന്റുകൾക്കരികിലും സിൽവർ നിറവും സ്ഥാനം പിടിച്ചിട്ടുണ്ട്. ആർഭാടങ്ങളൊന്നുമില്ലാത്ത ലളിതമായ സെന്റർ കണ്‍സോളാണ് ബലേനോയിലുള്ളത്.
എഴ് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോടു ചേർന്ന് അതേ വീതിയിലാണ് എസി വെന്റുകൾ. അതിനു താഴെ ടോപ്പ് എൻഡ് മോഡലിൽ ഓട്ടോമാറ്റിക്കും മറ്റ് മോഡലുകളിൽ മാന്വൽ ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റിയറിംഗ് വീൽ, മീറ്റർ കണ്‍സോൾ എന്നിവ മാറ്റങ്ങൾക്കു വിധേയമായിട്ടില്ല. ആർഎസ് എഡീഷൻ ഫ്ലോർമാറ്റ് ഇന്റീരിയറിൽ ശ്രദ്ധയാകർഷിക്കുന്നതാണ്. അഞ്ചു പേർക്ക് വിശാലമായി ഇരിക്കാവുന്ന വലുപ്പമേറിയ ഫാബ്രിക് ഫിനീഷിംഗ് സീറ്റുകളാണ് ആർഎസിലും നല്‍കിയിരിക്കുന്നത്. ആക്സിലറേറ്റർ, ബ്രേക്ക്, ക്ലെച്ച് എന്നിവയ്ക്കിടയിലുള്ള സ്പേസ് ഉയർത്തിയിട്ടുണ്ട്.
വലുപ്പം
പ്രധാന എതിരാളികളെ അപേക്ഷിച്ച് അല്പം വലുപ്പം കൂടിയ വാഹനമാണ് ബലേനോ ആർഎസ്. 3995 എംഎം നീളവും 1745 എംഎം വീതിയും 1510 എംഎം ഉയരവുമുള്ള ആർഎസിനു 170 എംഎം ഗ്രൗണ്ട് ക്ലിയറൻസും നല്‍കിയിട്ടുണ്ട്.
എൻജിൻ
1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനാണ് ബലേനോ ആർഎസിൽ പ്രവർത്തിക്കുന്നത്. 998 സിസിയിൽ മൂന്ന് സിലിണ്ടർ എൻജിൻ 101 ബിഎച്ച്പി പവറും 150 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്
റെഗുലർ ബലേനോയേക്കാൾ ഇന്ധനക്ഷമത കുറഞ്ഞിട്ടുണ്ടെങ്കിലും കൂടിയ കരുത്തിലും ഉയർന്ന മൈലേജ് ആർഎസ് ഉറപ്പു നല്‍കുന്നുണ്ട്. 21.1 കിലോമീറ്റർ മൈലേജാണ് ആർഎസ് വാഗ്ദാനം ചെയ്യുന്നത്.
വില
മാരുതിയുടെ പ്രീമിയം കാർ ഡീലറായ നെക്സ വഴി നിരത്തിലെത്തുന്ന ബലേനോ ആർഎസിന് 8.94 ലക്ഷം രൂപ മുതലാണ് വിലയാരംഭിക്കുക (എക്സ് ഷോറൂം ).
പ്രധാന എതിരാളികൾ
ഫോക്സ് വാഗണ്‍ പോളോ ജിടി, ഫിയറ്റ് പുണ്ടോ അബാത്ത്, ഫോർഡ് ഫിഗോ