ബെംഗളൂരു: റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്‌ക്കെതിരേ പ്രതിഷേധിച്ച് കന്നട യുവാവ് കത്തിച്ചത് 10 ബൈക്കുകള്‍. കന്നടച്ചിത്രങ്ങള്‍ക്കു പകരം ബാഹുബലി പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹോസ്‌കോട്ടെ അലങ്കാര്‍ തീയറ്ററിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് സന്തോഷ്(20) എന്ന യുവാവ് തീകൊളുത്തിയത്. രണ്ടു കാനുകളിലായി കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്.
മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സന്തോഷിനെ തടയാന്‍ തിയറ്ററിലെ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കന്നഡ സിനിമയ്ക്കു പകരം ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാള്‍ക്കു മാനസിക വൈകല്യമുള്ളതായും സൂചനയുണ്ട്. കാവേരി നദീജല പ്രശ്‌നത്തില്‍ ഒന്‍പതുവര്‍ഷം മുന്‍പു നടന്‍ സത്യരാജ് നടത്തിയ കന്നഡ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ബാഹുബലി കര്‍ണാടകയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില സംഘടനകള്‍ നേരത്തേ രംഗത്തുവന്നിരുന്നു. കന്നഡ ചലാവലി നേതാവ് വാട്ടാല്‍ നാഗരാജ് റിലീസ് ദിനത്തില്‍ ബന്ദ്‌വരെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു സത്യരാജ് ഖേദം പ്രകടിപ്പിച്ചതോടെയാണ് റിലീസിനു വഴിയൊരുങ്ങിയത്.