അറിയാനുള്ള ആഗ്രഹം ഇല്ലാത്ത മനുഷ്യരില്ല. ഇക്കാരണത്താല്‍ തന്നെ വായിക്കാന്‍ താത്പര്യമില്ലാത്തവരും സ്വതവേ കുറവാണ്. വായിക്കാന്‍ അതിയായ താത്പര്യമുള്ളവര്‍ക്കുപോലും ചില പ്രത്യേക പുസ്‌കങ്ങള്‍ വായിക്കാന്‍ താത്പര്യമുണ്ടാവില്ല. വിവിധ കാരണങ്ങളാലാവാം അത്. പുസ്തകത്തിന്റെ വലിപ്പം, സമയക്കുറവ് തുടങ്ങിയവ ആളുകളെ ഒരു പുസ്‌കം ഒറ്റയടിക്ക് വായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. വായിക്കാനൊക്കെ ഇഷ്ടമാണ്. പക്ഷെ ഈ പുസ്തകത്തിന്റെ വലിപ്പം കാണുമ്പോഴേക്കും ആകെ മനസ്സു മടുക്കും. ആരെങ്കിലും ഈ പുസ്തകത്തിന്റെ സാരാംശം ഒന്നു പറഞ്ഞു തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. പലരും പലപ്പോഴും പറയുന്ന പരാതിയാണിത്.
ഈ പരാതിക്ക് പരിഹാരവുമാവുകയാണ് മനുഷ്യ പുസ്തകശാല അഥവാ ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം. കാര്യം ലളിതമാണ്. ഒരാള്‍ അയാള്‍ വായിച്ച പുസ്തകത്തെ കുറിച്ച്, മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമന്‍ ലൈബ്രറിയിലൂടെ ചെയ്യുന്നത്. ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തെ ഒന്നു കൂടി മോടി പിടിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ അന്നപൂര്‍ണാ സര്‍വകലാശാലയിലെ മാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഹര്‍ഷദ് ഫാദ്. ഇതിന്‍ പ്രകാരം വായനശാലയില്‍ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് സമാനമായി, പുസ്തകം വായിച്ച ആളെ അര മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കാം. ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി പുസ്തകമായി മാറുന്നുവെന്നു സാരം. അയാള്‍ നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് പറഞ്ഞുതരും. മാത്രമല്ല ആ പുസ്തകത്തെ സംബന്ധിച്ചുള്ള ന്തെ് സംശയവും പുസ്തകം പറഞ്ഞുതരുന്ന ആളോട് ചോദിക്കാനും അവസരമുണ്ട്.
2000ല്‍ സ്‌കാന്‍ഡനേവിയന്‍ രാജ്യമായ ഡെന്‍മാര്‍ക്കിലാണ് ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം രൂപപ്പെട്ടത്. റോണി അബേര്‍ഗലും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം നടപ്പാക്കിയത്. ഇന്ത്യയില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് 2016 ല്‍ ഐ ഐ എം ഇന്‍ഡോറിലായിരുന്നു. രണ്ടാമത്തെ വേദിയായത് ഹൈദരാബാദും. ലോകത്ത് ആദ്യമായി സ്ഥിര ഹ്യൂമന്‍ ലൈബ്രറിക്ക് രൂപം നല്‍കിയത് ആസ്ട്രേലിയയിലാണ്. നിങ്ങള്‍ക്ക് താത്പര്യമുള്ള പുസ്തകം വായിച്ചിട്ടുള്ള വ്യക്തിയെ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ആ വ്യക്തിയുമായി 30 മിനിറ്റ് ആ പുസ്തകത്തെ കുറിച്ച് സംസാരിക്കാം. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഹര്‍ഷദിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ ഹ്യൂമന്‍ ലൈബ്രറി സംഘടിപ്പിച്ചത്. പത്ത് ‘മനുഷ്യപുസ്തക’ങ്ങളായിരുന്നു അന്ന് ലഭ്യമായിരുന്നത്. പുസ്തകപ്രേമികളെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വ്വ അനുഭവമാണ് കേള്‍വിയിലൂടെയുള്ള ഈ വായന സമ്മാനിച്ചത്. കൂടുതല്‍ സൗകര്യങ്ങളോടെ വിപുലമായ രീതിയില്‍ ഈ വായനശാല തയാറാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.