തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തെത്തിയത് 10.38 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ. മുൻവർഷത്തെ അപേക്ഷിച്ച് 66,000 ത്തോളം വിദേശ വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ടൂറിസം മേഖലയിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 6.23 ശതമാനത്തിന്റെ വർധനയുണ്ടായതായാണു കണക്കാക്കുന്നത്.
2015 ൽ 9,77,479 വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയെന്നു കണക്കാക്കിയാൽ 2016 ൽ 10,38,419 പേർ സംസ്ഥാനത്തെ വിവിധ മേഖലകൾ സന്ദർശിച്ചതായാണു കണക്കാക്കുന്നത്.കൂടുതൽ പേരും ആലപ്പുഴ, എറണാകുളം ജില്ലകളിലാണു സന്ദർശനം നടത്തിയത്.
കായൽ ടൂറിസത്തിന്റെ സാധ്യതകൾ ഏറെയുള്ള ആലപ്പുഴ, കുട്ടനാട് മേഖലകളിലാണു കൂടുതൽ പേർ എത്തിയിട്ടുള്ളത്. കൊച്ചി തുറമുഖം, എറണാകുളം പട്ടണം, ആലുവ, കാലടി, ചേറായി മേഖലയിലുമെത്തി. ഇടുക്കിയിൽ മൂന്നാറും തേക്കടിയുമാണു പ്രധാന സന്ദർശന കേന്ദ്രങ്ങൾ. കണ്ണൂരിൽ മുഴുപ്പിലങ്ങാട്, പറശിനിക്കടവ്, മീൻകുന്നം, പയ്യാമ്പലം എന്നിവിടങ്ങളാണു പ്രധാനം.
കാസർഗോഡ് ജില്ലയിൽ ബേക്കൽ ടൂറിസം പദ്ധതിയുടെ സാധ്യതകളാണു പ്രയോജനപ്പെടുത്താനായത്. കൊല്ലത്ത് അഷ്ടമുടിക്കായലായിരുന്നു വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം. കോട്ടയത്തു കുമരകവും വാഗമണും എരുമേലിയും ഉൾപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് സിറ്റിക്കൊപ്പം കടലുണ്ടി, കാപ്പാട്, ഇരിങ്ങൽ, കക്കയം എന്നിവിടങ്ങളിലും മലപ്പുറത്തു കൊടികുത്തിമല, നിലമ്പൂർ, കോട്ടയ്ക്കൽ, പാലക്കാട് ജില്ലയിൽ മലമ്പുഴയും നെല്ലിയാമ്പതിയും പത്തനംതിട്ടയിൽ ആറൻമുളയും വിനോദസഞ്ചാരികൾ ധാരാളമായി എത്തിയ കേന്ദ്രങ്ങളാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനൊപ്പം തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം നഗരം, വർക്കല, പൂവാർ, പൊന്മുടിയും ടൂറിസ്റ്റുകളെത്തി. തൃശൂരിൽ ഗുരുവായൂരും ആതിരപ്പിള്ളിയും ചാവക്കാടിനുമൊപ്പം ചാലക്കുടിപ്പുഴയും ഏറെ ആകർഷിച്ചു. വയനാട്ടിലെ മിക്ക കേന്ദ്രങ്ങളും ആകർഷകമാണെന്നും ടൂറിസം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിനു സമീപമുള്ള വേളിയിലെ ബോട്ട് യാത്ര നിർത്തിവച്ച സാഹചര്യത്തിൽ വിദേശ വിനോദ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര വിനോദ സഞ്ചാരികളുടെയും എണ്ണത്തിൽ വൻ കുറവുണ്ടാക്കിയിട്ടുണ്ട്. കെടിഡിസിയുടെ വരുമാനത്തേയും ഇതു കാര്യമായി ബാധിച്ചു. വേളി കായലിൽ കുള വാഴകൾ പെരുകിയതുമൂലം അപകട സാധ്യത വർധിച്ചതാണു ബോട്ട് യാത്ര നിർത്തിവയ്ക്കാൻ ഇടയാക്കിയത്. ഇവ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറയുന്നു.