പുനലൂർ: ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ. പുനലൂർ സിഐ ബിനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുനലൂർ സ്വദേശികളായ എസ്. രജിരാജ് (30), ഷെഫീക്ക് (30), നിസാം (280, ലിജോ വർഗീസ് (31), അലൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ എസ്. രജിരാജ് ആർഎസ്പിയുടെ പ്രാദേശിക നേതാവാണ്. മറ്റുള്ളവർ പാർട്ടി പ്രവർത്തകരുമാണ്.
കഴിഞ്ഞദിവസം പുനലൂർ മാർക്കറ്റിന് സമീപം ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായവരെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുമ്പ് നിലവിൽ ആർഎസ്പി നേതാവായ എസ്. രജിരാജിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ചെമ്മന്തൂരിൽ വച്ച് ആക്രമിച്ചിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ രജിരാജിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. നേരത്തെ സിപിഐ നേതാവായിരുന്ന രജിരാജ് പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു.
രണ്ടുമാസം മുമ്പാണ് ആർഎസ്പിയിൽ എത്തിയത്. രാഷ്ട്രീയ സംഘർഷങ്ങൾ കുറവായിരുന്ന പുനലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്പിക്കാർ ആക്രമിച്ചതോടെ വീണ്ടും സംഘർഷസാധ്യത വർധിച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പുനലൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയും ഹർത്താലാചരിക്കുകയും ചെയ്തു. –