കണ്ണൂർ: സിഗരറ്റ് വാങ്ങാൻ പോകാൻ ബൈക്ക് നല്കാത്ത വിരോധത്തിൽ യുവാവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തില്ലേരി ഡിഎസ് സി റിക്കോർഡ്സ് ഓഫീസിനു സമീപത്തെ കേളനെല്ലൂർ വടക്കയിൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ കെ.വി. അഭിലാഷി (35)നാണ് കുത്തേറ്റത്.
കുടലിന് സാരമായി പരിക്കേറ്റ അഭിലാഷിനെ എകെജി, പരിയാരം എന്നീ ആശുപത്രികളിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിലാഷിനെ മംഗളൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 2.30ഓടെ മൂന്നാംപീടികയിൽവച്ചായിരുന്നു സംഭവം. അഭിലാഷിന് പരിചയമുള്ള ആളാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യപിച്ചിരുന്ന ഇയാൾ സിഗരറ്റ് വാങ്ങാൻ പോകാൻ ബൈക്ക് ആവശ്യപ്പെട്ടപ്പോൾ അഭിലാഷ് ബൈക്ക് നൽകാൻ തയാറായില്ല. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കുത്തുകയായിരുന്നു എന്നാണ് പറയുന്നത്.