ക്രൂരതയുടെ മറുമുഖം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ ബാറ്റിനെ വേണമെങ്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരുകൂട്ടം രക്തദാഹികളെയാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമെന്ന് (ബാറ്റ്) വിശേഷിപ്പിക്കുന്നത്. ഇന്ത്യ വിരുദ്ധ സമീപനത്തിന്റെ ഭാഗമായിട്ടാണ് ബാറ്റ് എന്ന സംഘത്തിന്റെ രൂപീകരണം. പാക് കരസേനയിലും വ്യോമസേനയിലും വിദഗ്ധ പരിശീലനം നേടിയ അവിവാഹിതരായ, മരണഭയമില്ലാത്ത, ചോര കണ്ട് അറുപ്പു തീരാത്തവര്‍ക്കാണ് ബാറ്റിലേക്ക് പ്രവേശനം. ഈ സംഘത്തില്‍ എത്ര പേരുണ്ടെന്നോ ആരാണെന്നോ പാക് സൈന്യത്തിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അറിവുള്ളത്. വിവാഹം അടക്കമുള്ള ബാഹ്യലോകത്തെ ആഘോഷങ്ങളൊക്കെ സംഘത്തിന് നിഷിപ്തമാണ്.
ഗറില്ലാ യുദ്ധമുറയില്‍ വിദഗ്ദ്ധ പരിശീലനം കിട്ടിയിട്ടുള്ള ബാറ്റ് പാക് സൈന്യത്തിന് പ്രത്യേക സേവനങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്യുന്നത് അനുസരിച്ചാണ് ബാറ്റ് അംഗങ്ങള്‍ക്ക് മതിപ്പുണ്ടാകുന്നത്. പാക് സേനയ്‌ക്കൊപ്പം നിന്നുകൊണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇവരുടെ ക്രൂരതകള്‍ പറഞ്ഞാല്‍ തീരില്ല. പാക് സൈന്യത്തിന്റെ പ്രത്യേക വിഭാഗമാണെങ്കിലും തീവ്രവാദികളുമായി കൈകോര്‍ത്താണ് സംഘത്തിന്റെ പ്രവര്‍ത്തനം. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ കെണിവച്ച് പിടിച്ച് കൊല്ലക്കൊല ചെയ്യുന്നതില്‍ അപാരമായ ആനന്ദം കണ്ടെത്തുന്നവരാണ് സംഘാംഗങ്ങള്‍.
2000ത്തിലാണ് ബാറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകം അറിയുന്നത്. അന്ന് ഏഴ് ഇന്ത്യന്‍ ജവാന്മാര്‍ക്ക് അതിര്‍ത്തിയില്‍ ജീവഹാനി നേരിട്ടത്. അതും പൈശാചികമായി. തിങ്കളാഴ്ച ബാറ്റ് സംഘം ഇന്ത്യന്‍ അതിര്‍ത്തിയില്‍ 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നു കയറിയതും പതുങ്ങിയിരുന്നതും മോര്‍ട്ടാറുകളും ബോംബുകളും കൊണ്ട് പൂഞ്ചില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിച്ച സമയത്തായിരുന്നു. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ ഇനിയും ഇത്തരത്തിലുള്ള വെല്ലുവിളികള്‍ കൂടുതലായി നേരിടേണ്ടിവരുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.