കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ്-എമ്മും സിപിഎമ്മും കൈകോർക്കുന്നു; സിപിഐയുടെ കാര്യം വ്യക്തമല്ല

kmmani-l  കോട്ടയം: കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിലേക്ക് എന്ന വാർത്തകൾ ശക്തമാക്കി കെ.എം.മാണിയുടെ പുതിയ രാഷ്ട്രീയ നീക്കം ചർച്ചയാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി ചെയർമാൻ കെ.എം.മാണി തീരുമാനിച്ചു. പാർട്ടി എൽഡിഎഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പുതിയ നീക്കത്തെ കാണുന്നത്.

മാണിക്ക് സ്വാഗതമോതുന്ന തരത്തിലാണ് തീരുമാനത്തോട് സിപിഎമ്മും പ്രതികരിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോണ്‍ഗ്രസ്-എം തീരുമാനിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തരമായി ചേർന്ന് മാണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഏഴ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിനുള്ളത്. ഇതിൽ ആറ് പേരും സിപിഎം അംഗങ്ങളാണ്. ഒരംഗമുള്ള സിപിഐ മാണിയെ പിന്തുണയ്ക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ കരുനീക്കങ്ങൾക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വർഷത്തിന് ശേഷം പ്രസിഡന്‍റ് പദവി മാണി വിഭാഗത്തിന് നൽകാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ സഹകരണം തുടരുകയായിരുന്നു. എന്നാൽ ജോഷി ഫിലിപ്പ് രാജിവച്ചതോടെ പുതിയ നീക്കങ്ങൾക്ക് മാണി തയാറാവുകയായിരുന്നു.

മാണി വിഭാഗത്തിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചതോടെ കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിൽ ജില്ലാ പഞ്ചായത്ത് പ്രിസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായി. മാണിയെ പുറത്തുനിന്നു പിന്തുണയ്ക്കാനാണ് സിപിഎം നിലവിൽ തീരുമാനമെടുത്തിരിക്കുന്നതെങ്കിലും മധ്യകേരളത്തിൽ പുതിയ കൂട്ടുകെട്ടിന് വഴി തെളിക്കുന്നതാണ് നിലവിലെ കൈകോർക്കൽ എ്ന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

Related posts