ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലൂ വെയില് എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില് പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.
What??!
Who ever created this horrible game is sick!
Parents: Please be aware of this “game” talk to your children about it if concerned? https://t.co/B2j9aS5UdT— PCSO Kirsty Down D&C (@SaltashPCSO) March 9, 2017
പ്രേതങ്ങളുമായി സംസാരിക്കാന്‍ സാധിക്കുമെന്ന് അവകാശവാദങ്ങളുയര്‍ത്തി 2015ല്‍ പുറത്തിറങ്ങിയ ചാര്‍ലി ചാര്‍ലി എന്ന ഗെയിമും കളിക്കാരെ ജീവന് വെച്ച് കളിക്കാനാണ് വെല്ലുവിളിച്ചിരുന്നത്. ബ്ലൂ വെയില് എന്ന ഈ ഗെയിം ഇതിനകംതന്നെ ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ തുടങ്ങിയെന്ന കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിലക്കണമെന്നാണ് വിദേശ രാജ്യങ്ങളില്‍ നല്കുന്ന മുന്നറിയിപ്പ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയില്. ഒരിക്കല്‍ ഗെയിം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനാകില്ല.
മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയില്‍ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നല്കുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്കുന്നു. ഇതിന് വേണ്ടി ഓപ്പറേഷന് ബ്ലൂ വെയില് എന്ന പേരില്‍ ക്യാമ്പയിന് നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്. 14നും 18നും ഇടയിലുള്ള കൗമാരക്കാരെയാണ് ഇത്തരത്തില്‍ ചതിയില്‍ കുടുക്കുന്നത്. ഇതില്‍ നിന്നും കുട്ടികളെ തടയാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.