പയ്യന്നൂര്‍: ഹക്കീം വധക്കേസന്വേഷിക്കുന്ന സിബിഐ സംഘം വിദേശ മലയാളിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. നിർണായക വിവരങ്ങളാണ് ഇയാളില്‍ നിന്നും കിട്ടിയിരിക്കുന്നതെന്നാണ് സൂചന.സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ റിമാൻഡില്‍ കഴിയുന്ന കുറ്റാരോപിതന്റെ വീട്ടിലേക്ക് സംഭവദിവസം രാവിലെ ഇയാള്‍ പോകുന്നത് കണ്ടതായി അന്വേഷണ സംഘത്തിന് ബോധ്യമായതിനെ തുടര്‍ന്നാണ് ഗള്‍ഫിലുണ്ടായിരുന്ന ഇയാളെ സിബിഐ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
മുന്‍ പള്ളിക്കമ്മിറ്റിയിലെ മറ്റൊരാളേയും അന്വേഷകസംഘം ചോദ്യം ചെയ്തു.തുടര്‍ന്ന് നടക്കാനിരിക്കുന്ന അറസ്റ്റിന് സഹായകമാകുന്ന നിർണായക വിവരങ്ങള്‍ ഇവരില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് സൂചന. റിമാൻഡിലുള്ള കുറ്റാരോപിതരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സെഷന്‍സ് കോടതിയില്‍ ഇവര്‍ക്കായി നല്‍കിയിരുന്ന ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ജാമ്യത്തിനായി പ്രതിഭാഗം വക്കീല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നുമറിയുന്നു. കുറ്റാരോപിതരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെയുള്ള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.
അതേ സമയം സിബിഐയുടെ അന്വേഷണത്തില്‍ പോലും വരാത്ത കാര്യങ്ങളെപ്പറ്റി നടക്കുന്ന പ്രചരണങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അമിത താല്പര്യങ്ങളും സിബിഐ അതീവഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരും സിബിഐ നിരീക്ഷണത്തിലാണ്.
ഹക്കീമിന്റെ മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ച് സംഭവദിവസമുണ്ടായ ചില അസ്വാരസ്യങ്ങളേക്കുറിച്ചും സിബിഐ സംഘത്തിന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം ഹക്കീംവധത്തിലെ ഒരു പ്രധാന കണ്ണിയെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നുമറിയുന്നു. ഇയാളുടെ നീക്കങ്ങള്‍ സിബിഐ സംഘം കുറച്ചു ദിവസങ്ങളായി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള നീക്കം സിബിഐ ഇതിനകം തടയിട്ടിട്ടുണ്ട്.
കൃത്യമായ തെളിവുകളുടേയും കൊലപാതകത്തിന് പിന്നിലെ ഇടപെടലുകളേയും കുറിച്ച് വ്യക്തത വരുത്തിയശേഷം മാത്രമേ കൊലക്കുറ്റത്തിന് അറസ്റ്റ് നടത്തുവെന്ന ഉറച്ച നിലപാടിലാണ് സിബിഐ സംഘം. അനന്തര നടപടികളിലേക്ക് കടക്കുന്നതിനായി ഉന്നത സിബിഐ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഹക്കീം വധക്കേസന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി പയ്യന്നൂരില്‍ നിയോഗിച്ചിട്ടുണ്ട്.