ചങ്ങരംകുളം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച ചങ്ങരംകുളത്തെ ശിവദാസൻ എന്ന ചുമട്ട് തൊഴിലാളി മാതൃകയാവുകയാണ്. ഈ ചുമട്ട് തൊഴിലാളി ചുമട് എടുക്കുന്നത് സമൂഹത്തിൽ അശരണരായവർക്ക് ഒരു കൈതാങ്ങാവാൻ കൂടിയാണ്. കുട്ടിക്കാലം മുതലേ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്ക് മുന്നിലായിരുന്നു ശിവദാസൻ.
സാന്പത്തിക പ്രയാസങ്ങൾ കാരണം പഠനം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് പലരിൽ നിന്നുമായി സ്വരൂപിച്ച് പഠനസഹായം നൽകുന്നതും ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിലെ നിർധനരായ രോഗികൾക്ക് ഓണപുടവയും ഭക്ഷണവും കിറ്റും സംഘടിപ്പിച്ചു നൽകിയിരുന്നു. കാരുണ്യം പാലിയേറ്റീവിലെ സജീവ വോളണ്ടിയറാണ് ശിവദാസൻ.
ജോലി തിരക്കിനിടയിൽ ഉച്ചഭക്ഷ സമയത്ത് കാരുണ്യ ക്ലിനിക്കിലെത്തി രോഗി പരിചരണത്തിൽ സഹായിക്കാറുണ്ട്.
രോഗികൾക്കാവശ്യമായ സർജിക്കൽ ഉപകരണങ്ങൾ സംഘടിപ്പിച്ചു നൽകുന്നതും, എടപ്പാൾ സഹായിയിൽ വിശേഷ ദിവസങ്ങളിൽ ഭക്ഷണ വിതരണം ചെയ്യുന്നതും ശിവദാസന് ജീവിതചര്യയാണ്.
തവനൂർ വൃദ്ധസദനത്തിൽ വസ്ത്രം ശേഖരിച്ചു നൽകലും. കാൻസർ,കിഡ്നി രോഗികൾക്ക് സഹായ ഹസ്തം നീട്ടലുമായി ഈ ചുമട്ട് തൊഴിലാളി ഒരു മാതൃകയാണ്. ഭാര്യ: ലത. ആദിത്യൻ, അംഗിത എന്നിവർ മക്കളാണ്.