തൃശൂർ: ഐപിഎസ് ഓഫീസർ ചമഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെ വശീകരിച്ചു പീഡിപ്പിച്ചു പണം കൈക്കലാക്കിയ വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ തോട്ടത്തിൽ ലെയിനിൽ മൂലംകുളം ജോയിയുടെ മകൻ നൈൽസിനെയാണു ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്.
ബംഗളൂരുവിലും മെട്രോ നഗരങ്ങളിലും താമസിച്ചിരുന്ന നൈൽസ് ഐപിഎസ് പ്രൊബേഷനിലാണെന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന ഇയാൾ ഫേസ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ബംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു ലക്ഷം രൂപയും പത്തു പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്നുമാണു പരാതി. പല സ്ത്രീകളേയും ഇങ്ങനെ വഞ്ചിച്ചിട്ടുണ്ടെന്നു മനസിലാക്കിയ യുവതി തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നല്കുകയായിരുന്നു. പല സ്ത്രീകളിൽനിന്നായി സമാഹരിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു യുവാവ്.
ലോക്കൽ പോലീസ് പ്രതിയെ പിടികൂടാതായപ്പോൾ പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്കി. തുടർന്നാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി എവിടെയാണെന്നു കണ്ടെത്തി ഇൻസ്പെക്ടർ ബാബു കെ. തോമസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.