വടകര: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിന് മെയ് നാലിന് അഞ്ചുവർഷം പൂർത്തിയാവുന്നു. ടി.പി. എന്ന രണ്ടക്ഷരത്താൽ അറിയപ്പെടുന്ന ചന്ദ്രശേഖരന്റെ ജ്വലിക്കുന്ന ഓർമകൾ പുതുക്കുകയാണ് നാട്. ആർഎംപിഐ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്നത്. ആർഎംപിഐ കേന്ദ്രങ്ങളിൽ പ്രഭാതഭേരി നടന്നു.
ഒഞ്ചിയത്ത് ടി.പി.സ്മൃതി മണ്ഡപത്തിൽ മുതിർന്ന പ്രവർത്തകൻ എ.പി.കുമാരൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എൻ.വേണു പുഷ്പചക്രം സമർപിച്ചു. വി.കെ.സുരേഷ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, കെ.കെ.രമ, പി.എം.പുരുഷോത്തമൻ, കല്ലേരി അശോകൻ എന്നിവർ സംസാരിച്ചു. വൈകീട്ട് ഓർക്കാട്ടേരിയിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. റെഡ് വളണ്ടിയർ മാർച്ചോടെ വെള്ളികുളങ്ങരയിൽ നിന്നാരംഭിക്കുന്ന പ്രകടനം ഓർക്കാട്ടേരി ചന്തമൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം ആർഎംപിഐ ദേശീയ ജനറൽ സെക്രട്ടറി മംഗത്റാം പസ്ല ഉദ്ഘാടനം ചെയ്യും.
ഇടതുപക്ഷബദൽ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2008 ൽ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർഎംപി രൂപവത്കരിച്ചത്. സിപിഎമ്മിന്റെ നയവ്യതിയാനം ഇതിന് ആക്കം കൂട്ടി. നേതാക്കളെ ഒതുക്കാൻ ഏറാമല ഗ്രാമപഞ്ചായത്ത് ഭരണം കൈയൊഴിയാനെടുത്ത തീരുമാനം പാർട്ടിയിൽ ഭിന്നനിലപാടുകൾക്ക് കളമൊരുക്കി. നേതാക്കളെ പുറത്താക്കലിലേക്കു നയിച്ചതിന്റെ തുടർച്ചയായാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ പിറവി.
ഓർക്കാട്ടേരിയിൽ പിറന്ന സംഘടന ഏറാമലക്കു പുറമെ ഒഞ്ചിയം, അഴിയൂർ, ചോറോട് ഗ്രാമപഞ്ചായത്തുകളിൽ വ്യാപിച്ചു. കമ്യൂണിസ്റ്റ് മണ്ണായ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആർഎംപി പിടിച്ചതോടെ ടി.പി.ചന്ദ്രശേഖരൻ സിപിഎമ്മിന്റെ കണ്ണിലെ കരടും കൊടിയ ശത്രുവുമായി. അദ്ദേഹത്തെ വേട്ടയാടാൻ നിരന്തരം നടത്തിയ ശ്രമം 2012 മെയ് നാലിൽ ജീവനെടുക്കുന്നതിൽ കലാശിച്ചു. 51 വെട്ടിനാൽ വള്ളിക്കാട്ടെ മണ്ണിൽ ചിതറിയ മുഖവുമായി ടിപി ഞെട്ടറ്റു വീണു. പാർട്ടിയുടെ നേതൃത്വത്തിൽ കണ്ണൂർ ലോബി നടപ്പാക്കിയ കൊടുംകൊലപാതകത്തിന്റെ നടുക്കം ഇന്നും കേരളീയന്റെ മനസിലുണ്ട്. പ്രതികൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്പോഴും ആ ഹീനകൃത്യം സൃഷ്ടിച്ച ആഘാതം കേരളീയരെ വേട്ടയാടുകയാണ്.
സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കും ടിപിവധത്തിൽ പങ്കെുണ്ടെന്ന നിലപാടിലാണ് ആർഎംപി. ഉന്നത ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ.കെ.രമ സെക്രട്ടറിയേറ്റ് പടിക്കൽ നിരഹാര സമരം നടത്തുകയുണ്ടായി. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കെ.കെ.രമ.
കഴിഞ്ഞ അഞ്ചുവർഷവും കേരളത്തിന്റെ ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ഉയർന്നുവന്ന പേരാണ് ടി.പി. ചന്ദ്രശേഖരനെന്നത്.
ചന്ദ്രശേഖരൻ ഉയർത്തിയ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന ആർഎംപി രണ്ടു വർഷം മുന്പാണ് ദേശീയതലത്തിലേക്ക് വ്യാപിക്കുന്നത്. വിവിധ പോഷക സംഘടനകൾ രൂപവത്കരിച്ച ആർഎംപി ഇപ്പോൾ ആർഎംപിഐ എന്ന പേര് സ്വീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ ഒഞ്ചിയം മേഖലയിൽ നിരന്തരാക്രമണം നേരിടുകയാണ് ആർഎംപിഐ. പോലീസിന്റെ ഭാഗത്ത് നിന്ന് ഭരണപക്ഷാനുകൂല സമീപനമാണ് ഉണ്ടാകുന്നത്. ഇത് അക്രമം ആവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. പാർട്ടി ഓഫീസുകളും പ്രവർത്തകരും നിരന്തരം ആക്രമിക്കപ്പെടുന്പോഴാണ് ടിപിയുടെ അഞ്ചാം രക്തസാക്ഷി ദിനം ആചരിക്കുന്നത്. തിരിച്ചടിക്കാതെ സമാധാനത്തിന്റെ മാർഗത്തിൽ അക്രമത്തെ നേരിടുക എന്നതാണ് ആർഎംപിഐ ലൈൻ എന്നു പാർട്ടി വ്യക്തമാക്കുന്നു.