മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന ഒക്ടോബർ 27ന് വിവാഹിതയാകുന്നു. മാർച്ചിലായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹ നിശ്ചയം. തന്റെ ഏറ്റവും പുതിയ ചിത്രമായ ആദത്തിന്റെ ചിത്രീകരണത്തിനായി ഭാവന ഇപ്പോൾ സ്കോട്ട്ലൻഡിലാണ്. അതുകൊണ്ട് ഭാവനയുടെ അമ്മ പുഷ്പയാണ് വാർത്ത പുറത്തുവിട്ടത്.
“ജന്മനാടായ തൃശൂരിൽ വച്ചാണ് കല്യാണം. സെലിബ്രിറ്റി വിവാഹത്തിന്റേതായ യാതൊരുവിധ ആർഭാടങ്ങളൊന്നുമില്ലാത്ത സ്വകാര്യ ചടങ്ങിൽ ഭാവന വിവാഹിതയാകും- പുഷ്പ പറഞ്ഞു. ചലച്ചിത്ര രംഗത്തു നിന്ന് ആരെയൊക്കെയാണ് ക്ഷണിക്കുക എന്നത് ഭാവനയ്ക്കു മാത്രമേ അറിയൂ എന്നും അവർ കൂട്ടിച്ചേർത്തു.
ചില വെബ്സൈറ്റുകളിൽ വിവാഹം കൊച്ചിയിൽ വച്ചാകുമെന്ന് പരക്കുന്ന വാർത്തകൾ പുഷ്പ തിരുത്തി.അഞ്ചു വർഷത്തിനുമുന്പ് ഒരു കന്നഡ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് നിർമാതാവും നടനുമായ നവീനിനെ ഭാവന പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ശേഷം രണ്ടു വർഷത്തിനു മുന്പ് വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്റെയും നവീനിന്റെ അമ്മയുടേയും മരണത്തെത്തുടർന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.