കഴക്കൂട്ടം: കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴും മാലിന്യപ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും ഇതിനൊന്നും പരിഹാരം കാണാതെ കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും ഫ്ളാറ്റ് നിർമാണം പൊടിപൊടിക്കുന്നു.കടുത്ത വേനലിൽ കിണറുകൾ വറ്റിയും പേരിന് വെള്ളം കിട്ടുന്നിടങ്ങളിൽ മാലിന്യം നിറഞ്ഞു ജനം വീർപ്പ് മുട്ടി നിൽക്കുമ്പോഴാണ് നൂറ് കണക്കിന് ഫ്ളാറ്റുകളുടെ നിർമാണം യാതൊരു മാനദണ്ഡവുമില്ലാതെ നടക്കുന്നത്.
കണിയാപുരം മുതൽ കഴക്കൂട്ടം വരെയുള്ള ദേശിയ പാതകൾക്ക് സമീപവും കഴക്കൂട്ടം ബൈപാസിലും ഇതിന് പുറമേ ട്രെയിനേജ് പൈപ്പോ കുടിവെള്ളപൈപ്പോ ഇല്ലാത്ത മേനംകുളം, ചന്തവിള, കാട്ടായിക്കോണം, കല്ലടിച്ച വിള, ചേങ്കോട്ട് കോണം, കാര്യവട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണമോ സമീപ പ്രദേശത്തെ മനുഷ്യരുടെ ദുരിതമോ മനസിലാക്കാതെ ഫ്ളാറ്റുകൾ കെട്ടി പൊക്കുന്നത്.
ഓരോ ഫ്ളാറ്റുകൾ നിർമാണം തുടങ്ങുമ്പോൾ തന്നെ ഫ്ളാറ്റിന് നാല് വശങ്ങളിലുമായി പത്തും പതിനഞ്ചും കുഴൽ കിണറുകളും നിർമിക്കുന്നുണ്ട്.ഇതോടെ കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലുള്ള ഇന്ന് വരേ വറ്റാത്ത കിണറുകളാണ് വെള്ളമില്ലാതായികൊണ്ടിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഇവിടത്തെ വയലുകളും നീർത്തടങ്ങൾ പോലും വറ്റി വരളുന്നു .കല്ലടിച്ചവിളയിൽ പഞ്ചായത്തു കുളത്തിലേക്കും കാർഷിക ഭൂമിയിലേക്കുമുള്ള പരമ്പരാഗത നട വഴികളും ഓടകളും കലുങ്കുകളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു അടക്കുന്നതിനുള്ള ശ്രമവും ഫ്ളാറ്റുകാർ നടത്തിവരുന്നു .
കഴക്കൂട്ടത്തും ആറ്റിപ്രയിലും കിണറുകളിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം മലിനമാണ് കറുപ്പും ചുവപ്പും മഞ്ഞയും കലർന്ന വെള്ളമാണ് കിണറിൽ നിന്നും കിട്ടുന്നത്.നിലവിൽ ഫ്ളാറ്റ് നിർമാണം കൂടുതലും നടക്കുന്നത് ദേശീയ പാത വിട്ട് രണ്ടും മൂന്നും കിലോമീറ്ററുകൾ മാറിയുള്ള ഉൾപ്രദേശങ്ങളിലാണ്.
ഈ ഭാഗങ്ങളിലെവിടെയും ഡ്രെയിനേജ് ലൈനുകളോ വാട്ടർ പൈപ്പുകളോ ഇല്ല. അങ്ങനെയാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ളം ഇല്ലാതാകുന്നതും മണ്ണും ജലവും മലിനമായി കൊണ്ടിരിക്കുന്നതും.ഇത്തരം നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളായി പൊടിപൊടിക്കുകയാണ്. നിരവധി തവണ ഇതിനെതിരെ പ്രദേശവാസികൾ സമരം ചെയ്തെങ്കിലും ഫലം കാണാൻ കഴിഞ്ഞിട്ടില്ല.
പല ഘട്ടങ്ങളിലും സമര ങ്ങൾ ശക്തമായതോടെ നിർമാണ പ്രവർത്തനങ്ങൾ ഫ്ളാറ്റ് ഉടമകൾ നിർത്തിവെചെങ്കിലും കാലതാമസമില്ലാതതനെ അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പിൻബലത്തിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയാണ് ഉണ്ടാകുന്നത്.
ജില്ലയിലെ പ്രധാന ആറുകളിൽ ഒന്നായ തെറ്റിയാറിന്റെ ഉത്ഭവകേന്ദ്രങ്ങൾ കാട്ടായിക്കോന്നു വാർഡിലെ ചെറു നീർതടങ്ങളാണ്. തെറ്റിയാർ കടന്നു പോകുന്ന ശാസ്ത വട്ടം, മങ്ങാട്ടുകോണംമൂഴി നട, കഴക്കൂട്ടം എന്നീ പ്രദേശങ്ങളിലെ ഇരുകരകളിലുമുള്ള ആയിരകണക്കിന് വീടുകളിലെ കിണറുകളിലെ ഊറ്റു റവതെറ്റിയാറിനെ ആശ്രയിച്ചുള്ളതാണ്.
ഫ്ളാറ്റുകൾ നിർമ്മിക്കുന്ന കഴകിണറുകൾ കാരണവും ഇവിടെ നിന്നും തള്ളുന്ന മാലിന്യങ്ങളും കാരണം തെറ്റിയാറും മരണത്തിന്റെ വക്കിലാണ് ഫ്ളാറ്റുകളിലെ നൂറ് കണക്കിന് കുടുംബം കുഴൽകിണർ ഉപയോഗിച്ച് ഊറ്റുന്നതോടെ പരിസരവാസികൾ ജലമില്ലാതെയാകുന്നത്.
അതുപോലെ ശാസ്ത്രീ മായ മാലിന്യ സംസ്ക്കരണമില്ലാത്തത് കാരണം ഫ്ളാറ്റുകളിലെ മനുഷ്യവിസർജ മടക്കമുള്ള മാലിന്യങ്ങൾ മണ്ണിലേക്ക് സദാ താഴുന്നതിനാൽ കിലോമീറ്റർ ചുറ്റളിവിലുള്ള ജലാശയങ്ങളും കിണറുകളും മാലിന്യം നിറഞ്ഞതായി മാറുന്നു.
ഇതിന് അധികൃതർ തടയിടാത്ത പക്ഷം വൻ ദുരിതമായിരിക്കും പതിനായിരക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കേണ്ടി വരിക. ഇതിനെതിരെ ജനങ്ങളും വിവിധ രാഷ്ട്രീയ സംഘടകളും സമരവുമായി രംഗത്തെത്തിയിട്ടുണ്ടു്.ബന്ധപ്പെട്ടവർക്ക് പരാതികൾ ഇതിനകം നല്കിയ പ്രതിഷേധക്കാർ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.