പുതുക്കാട് : ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹന യാത്രികരെ ദുരിതത്തിലാഴ്ത്തി ദേശീയപാതയിലെ അറ്റക്കുറ്റപ്പണികൾ. പാലിയേക്കര ടോൾ പ്ലാസ മുതൽ പുതുക്കാട് വരെ വാഹനങ്ങളുടെ നിര നീണ്ടു. ടോൾ കന്പനി ദേശീയപാതയിൽ ടാറിംഗ് നടത്തുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ തിരക്ക് അനുഭവപ്പെട്ടത്.
ദേശീയപാതയിൽ രണ്ട് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര വന്നിട്ടും കന്പനി ടോൾ വാങ്ങിയാണ് വാഹനങ്ങളെ കടത്തിവിട്ടത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെടാതിരുന്നതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടവരുത്തി
തൃശൂർ പൂരം പ്രമാണിച്ച് സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ തിരക്കാണ് ഇന്നലെ ദേശീയപാതയിൽ അനുഭവപ്പെട്ടത്.
രാത്രികളിൽ നടത്തിയിരുന്ന ടാറിംഗ് തിരക്കേറിയ സമയത്ത് നടത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കിയത്. എട്ട് മണിയോടെ എഐവൈഎഫ് പ്രവർത്തകർ എത്തി ടോൾ ബൂത്തുകൾ തുറന്ന് കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു.