നാദാപുരം: വാണിമേൽ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കൂടുംബങ്ങൾക്ക് അനുവദിച്ച ഭക്ഷ്യവിഭവങ്ങൾ പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടന്ന് നശിക്കുന്നു.ഇതോടെ ആയിരക്കണക്കിന് രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ് ഉപയോഗശൂന്യമായി മാറിയത്.പഞ്ചായത്തിലെ ഇരുനൂറോളം വരുന്ന കുടുംബങ്ങൾക്കാണ് ആശ്രയ പദ്ധതി പ്രകാരം ഭക്ഷണ കിറ്റ് അനുവദിച്ചിട്ടുള്ളത്. ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തത്.
കുടുംബശ്രീ വഴിയാണ് ഭക്ഷണ കിറ്റ് കുടുംബങ്ങൾക്ക് എത്തിക്കേണ്ടത്. പഞ്ചായത്തിലെ നിരവധി കുടുംബങ്ങർക്ക് വിഷുവിന് ലഭിക്കേണ്ട കിറ്റുകൾ ഇപ്പോഴും പഞ്ചായത്ത് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രോഗികളും നിരാലംബരുമായ കുടുംബങ്ങളെ വിവരം യഥാസമയം അറിയിക്കാത്തതാണ് കിറ്റ് ബാക്കിയാവാൻ കാരണം എന്നാണറിയുന്നത്.
അരി, കടല, വെളിച്ചെണ്ണ, പായസ കിറ്റ്,പഞ്ചസാര, മൈദ തുടങ്ങിയ വസ്തുക്കളാണ് കിറ്റിലുള്ളത്. ഒരു കൂടുംബത്തിന് അഞ്ഞൂറ് രൂപയിൽ കൂടുതൽ വിലയുടെ സാധനങ്ങളുണ്ട്. ഇവയാണ് വിഷു കഴിഞ്ഞ് ഒരു മാസമായിട്ടും വിതരണം ചെയ്യാത്തത്. മാസങ്ങൾക്ക് മുന്‍പ് വിതരണത്തിനായി എത്തിച്ച കടല കേടുവന്ന നിലയിൽ പഞ്ചായത്ത് കോണ്‍ഫ്രൻസ് ഹാളിനോടു ചേർന്ന മുറിയിൽ കൂട്ടിയിട്ടിട്ടുണ്ട്.