പനമരം: കാടിറങ്ങിയ കാട്ടുകൊന്പൻ മണിക്കൂറുകളോളം നാടിനെ വിറപ്പിച്ചു. ആനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ താഴെ നെല്ലിയന്പത്തായിരുന്നു കൊന്പന്റെ വിഹാരം. സ്വകാര്യ കൃഷിയിടത്തിൽ നിലയുറപ്പിച്ച കൊന്പൻ വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ നാട്ടുകാരെ വെള്ളംകുടിപ്പിച്ചു. പടക്കം പൊട്ടി ഡ്രൈവർ മാനുവലിനാണ് പരിക്ക്. ഇദ്ദേഹം ചികിത്സ നേടി.
സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ സെക്ഷൻ പരിധിയിലെ അമ്മാനി വനത്തിൽനിന്നെത്തിയ ആനയാണ് നേരം തിരികെ പോകാതെ കൃഷിയിടത്തിൽ തങ്ങിയത്. രാവിലെ പണിക്ക് എത്തിയ തൊഴിലാളികളാണ് തോട്ടത്തിൽ ആനയെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് ഇരുളം, നെയ്ക്കുപ്പ, പാതിരി സെക്ഷനുകളിൽ വനം ഉദ്യേഗസ്ഥർ സ്ഥലത്ത് എത്തി. ജനവാസകേന്ദ്രത്തിൽനിന്നു ആനയെ തുരത്തുന്നത് ശ്രമകരവും അപകടകരവുമാണ്.
അതിനാൽ വാഹനത്തിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ നെല്ലിയന്പത്തും സമീപ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയശേഷമാണ് ആനയെ വനത്തിലേക്ക് ഓടിക്കുന്നതിനു തുടക്കമിട്ടത്. നെല്ലിയന്പത്തെ തോട്ടത്തിൽ നിന്നിറങ്ങിയ ആന ചെന്പോട്ടിവയലിലൂടെ പുഞ്ചവയലിലും തുടർന്ന് പനമരം-നടവയൽ റോഡ് മുറിച്ചുകടന്ന് അമ്മാനി വനത്തിലേക്കും കടക്കുകയായിരുന്നു.
ഇതോടെയാണ് നാട്ടുകാർക്കും വനപാലകർക്കും ആശ്വാസമായത്. ആനയിറങ്ങിയ പ്രദേശത്ത് കനത്ത കൃഷിനാശമാണ് സംഭവിച്ചത്. അമ്മാനി വനത്തിൽനിന്നുകിലോമീറ്ററുകൾ താണ്ടി ആനകൾ എത്തിയത് നെല്ലിയന്പം നിവാസികളെ ചകിതരാക്കിയിട്ടുണ്ട്.