കൊച്ചി: സംസ്ഥാനത്തെ പത്തു ജില്ലകളിലെ പ്രധാന ദേശീയപാതകളിലായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ പതിഞ്ഞ 9,26,863 അമിതവേഗ കേസുകളിലായി പിഴ ഇനത്തിൽ ഇതുവരെ മോട്ടോർ വാഹന വകുപ്പിനു ലഭിച്ചതു 38.5 കോടി രൂപ.
2012 മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കാണിതെന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ എം. സുരേഷ് പറഞ്ഞു. അമിതവേഗത്തിന് 400 രൂപയാണു പിഴ. കാമറയിൽ അമിതവേഗം വ്യക്തമായാൽ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചാണു പിഴ അടപ്പിക്കുന്നത്.
ആദ്യനോട്ടീസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് കണ്ട്രോൾ റൂമിൽനിന്ന് വാഹനത്തിന്റെ ചിത്രം ഉൾപ്പെടെ ഉടമയ്ക്ക് അയയ്ക്കും. നോട്ടീസ് കൈപ്പറ്റി പിഴ അടച്ചില്ലെങ്കിൽ അതാത് ആർടി ഓഫീസ്, സബ് ഓഫീസ് എന്നിവിടങ്ങളിൽനിന്നു വീണ്ടും നോട്ടീസ് അയയ്ക്കും.
അഞ്ചുതവണ നോട്ടീസ് അയച്ചിട്ടും പിഴ അടച്ചില്ലെങ്കിൽ കേസ് പിടിക്കപ്പെട്ട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. അല്ലെങ്കിൽ പിഴ വസൂലാക്കും.ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയ നിർദേശപ്രകാരം അഞ്ചുതവണ നോട്ടീസ് അയച്ചിട്ടും പിഴ അടയ്ക്കാത്ത വാഹന ഉടമകളുടെ കേസ് കോടതിയിലേക്കു വിടാനാണു തീരുമാനമെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജീബ് പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മറ്റു പത്തു ജില്ലകളിലും മോട്ടോർ വാഹനവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു പോലീസ് വകുപ്പിന്റെ കാമറകളാണുള്ളത്. മറ്റു മൂന്നു ജില്ലകളിലെ റോഡുകളിൽ വളവുതിരിവുകളും കയറ്റിറക്കങ്ങളും കൂടുതലായിട്ടുള്ളതിനാൽ വാഹനങ്ങൾക്ക് അമിതവേഗമുണ്ടാവില്ലെന്ന നിഗമനത്തിലാണു കാമറകൾ സ്ഥാപിക്കാത്തത്.
പത്തു ജില്ലകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ മുഴുവൻ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിന്റെ പരിധിയിൽ വരുന്നു.കണ്ട്രോൾ റൂമിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാർ ഓഫീസിലില്ലെന്ന ആക്ഷേപമുണ്ട്. ഒരു ദിവസം 3000 വാഹനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ പന്ത്രണ്ട് ജീവനക്കാരാണുള്ളത്.
ഒരു ദിവസം പത്ത് മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കേണ്ടിവരുന്നത്.ഓരോ വർഷത്തെ കേസുകളും പിഴയായി ലഭിച്ച തുകയും ചുവടെ. 2012: 890 കേസ്, 48,40 ,600 രൂപ, 2013: 29,138 കേസ്, 1 ,2 3,30, 800 രൂപ, 2014: 79,105 കേസ്, 3,40,36,000 രൂപ, 2015: 1,66,118 കേസ്, 6,93,25,400 രൂപ, 2016: 1,07,488 കേസ്, 4,31,96,200 രൂപ, 2017 ഏപ്രിൽ വരെ: 5,607 കേസ്, 22,42,800 രൂപ.