40 ദിവസംകൊണ്ടോടിതീര്‍ത്തത് 40 മാരത്തണ്‍! ആറു ഭൂഖണ്ഡങ്ങളിലൂടെ മിന ഓടിയത് 1687 കിലോമീറ്റര്‍; ജലസംരക്ഷണത്തിനായി താന്‍ കടന്നുപോയത് വിവരിക്കാനാവാത്ത മാനസികാവസ്ഥയിലൂടെയെന്ന് മിന ഗുലി

_95728092_33441238660_940ef5a518_k1500 ലധികം കിലോമീറ്ററുകള്‍ ഒറ്റയടിക്ക് ഓടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവര്‍ പോലും കുറവായിരിക്കും, അങ്ങനെ സ്വപ്നം കണ്ടിട്ടുള്ളവരിലും കുറവാണ് മാരത്തണ്‍ ഓടി തീര്‍ത്തവരുടെ എണ്ണം. എന്നാല്‍ 40 ദിവസം കൊണ്ട് 40 മാരത്തണ്‍ ഓടി ലോകത്തെ ഞെട്ടിക്കുകയാണ് മിന ഗുലി എന്ന ആസ്ത്രേലിയക്കാരി. ആറ് ഭൂഖണ്ഡങ്ങളിലെ വിഖ്യാതമായ ആറ് നദീ തീരത്തിലൂടെയാണ് ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള മിന ഗുലിയുടെ അസാധാരണ മാരത്തണ്‍ പ്രകടനം നടന്നത്. വടക്കേ അമേരിക്കയിലെ കൊളറാഡോ, തെക്കേ അമേരിക്കയിലെ ആമസോണ്‍, ആസ്ത്രേലിയയിലെ മുറേ ഡാര്‍ലിംങ്, ഏഷ്യയിലെ യാങ്സീ, ആഫ്രിക്കയിലെ നൈല്‍, യൂറോപ്പിലെ തൈംസ് എന്നീ നദികളോട് ചേര്‍ന്നാണ് മിന ഓടിയത്. ലോക ജലസംരക്ഷണ ദിനമായ മാര്‍ച്ച് 22ന് ആരംഭിച്ച ഓട്ടം തൊഴിലാളി ദിനമായ മെയ് ഒന്നിന് തൈംസ് തീരത്താണ് അവസാനിച്ചത്. ആസ്ത്രേലിയയിലെ പരിസ്ഥിതി പ്രവര്‍ത്തകയായ മിന ഗുലി thirst  എന്ന ജലസംരക്ഷണ സംഘടനയുടെ സിഇഒയാണ്. എല്ലാവര്‍ക്കും ശുദ്ധജലം എന്ന സന്ദേശം ഉയര്‍ത്തിയാണ് മിന ഗുലി 40 ദിവസം നീളുന്ന മാരത്തണുകള്‍ ഓടിയത്.

_95728005_33833462466_a6ba6b0dde_k

ലോകത്തിന്റെ ഭാവിയും നമ്മുടെ ജീവനും ശുദ്ധജലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ജലം സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ഉത്തരവാദപ്പെട്ടവരാണെന്നും എന്റെ ഭാഗം ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നുമാണ് മിന ഗുലി പറയുന്നത്. താനൊരു ഓട്ടക്കാരിയോ കായിക പാരമ്പര്യമുള്ളയാളോ ആയതുകൊണ്ടല്ല ഓടുന്നതിനായി ഇറങ്ങിത്തിരിച്ചതെന്ന് മിന ഗുലി പറയുന്നു.  മിന ഗുലി ശുദ്ധജലം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. ലഭ്യമായ വെള്ളത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് നമ്മള്‍ വീടുകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം പലവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമായാണ് ചെലവാകുന്നത്. അഭിഭാഷക കൂടിയായ 46കാരിയായ മിന ഗുലി തന്റെ മാരത്തണ്‍ പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും 1687 കിലോമീറ്റര്‍ ഓടിത്തീര്‍ത്തിരുന്നു. പീഡിപ്പൈഡ്സ് എന്ന ഗ്രീക്ക് പട്ടാളക്കാരന്‍ മാരുത്തോണ്‍ യുദ്ധഭൂമിയില്‍ നിന്നും സന്ദേശം വഹിച്ചുകൊണ്ട് ഏഥന്‍സിലേക്ക് നടത്തിയ ഓട്ടമാണ് പിന്നീട് മാരത്തണായി മാറിയത്. ഓട്ടത്തിനൊടുവില്‍ സന്ദേശം കൈമാറിയയുടന്‍ പീഡിപ്പൈഡ്സ് മരിച്ചുവീഴുകയായിരുന്നു. ആദ്യം പൂര്‍ത്തിയാക്കിയയാള്‍ മരിച്ചുവീണ മത്സരയിനമായ മാരത്തണ്‍ തുടര്‍ച്ചയായി 40 ദിവസം ആവര്‍ത്തിക്കുന്നതുവഴി വിവരിക്കാനാകാത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെയാണ് മിന ഗുലി കടന്നുപോയത്.

_95711546_33955365961_37172965c7_k

ഓരോ മാരത്തണിനും ശേഷം ഓരോ മൈലിനും ഒരു ദിവസം വീതം വിശ്രമിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ അടുത്ത മാരത്തണ്‍ ഓടുന്നതിലെ അനുഭവം മിനഗുലി വിവരിക്കുന്നുണ്ട്. ഓരോ ദിവസവും ഓട്ടം ആരംഭിക്കുമ്പോള്‍ ആദ്യത്തെ കുറച്ച് കിലോമീറ്ററുകള്‍ ഒരു മുത്തശ്ശിയെ പോലെയാണ് താന്‍ ഓടാറെന്ന് മിന പറയുന്നു. കൈകാല്‍ കുഴകളിലെ വേദനയും മുടന്തലുമെല്ലാം ഓരോ ദിവസവും ഉണ്ടാകാറുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുള്ള ഓരോ ദിവസത്തെയും ആദ്യകിലോമീറ്ററുകള്‍ തനിക്കൊപ്പമുള്ള ടീമിനെ ഒഴിവാക്കി ഒറ്റക്ക് ഓടുകയാണ് രീതി. പിന്നീട് താളം വീണ്ടെടുക്കുന്ന മുറയ്ക്ക് ടീം ഇവര്‍ക്കൊപ്പം ചേരുന്നു. ഓടുന്ന സ്ഥലങ്ങളിലെ പ്രാദേശിക ജനങ്ങളുമായും ഗോത്രവര്‍ഗ്ഗക്കാരുമായും കര്‍ഷകരുമായുമൊക്കെയായി മിന കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം തന്നെയാണ് കൂടിക്കാഴ്ച്ചകളിലെ പ്രധാന വിഷയം. ഓരോ മാരത്തണിനും ശേഷം അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് പലപ്പോഴും മിന ഗുലി വിശ്രമിക്കുന്നത് തന്നെ. 2012ലാണ് തേസ്റ്റ് എന്ന ചാരിറ്റി സംഘടന മിന ഗുലി സ്ഥാപിച്ചത്. എല്ലാവര്‍ക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഒരു ഭൂമിയാണ് തന്റെ സ്വപ്നമെന്നും മിന ഗുലി പറയുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും 180 കോടി ജനങ്ങള്‍ ശുദ്ധജല ക്ഷാമം അനുഭവിക്കുമെന്നാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നത്.

_95728094_f46f847e-3e5a-480d-bee4-cd8687d96c6d

Related posts