സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: കണ്ണൂർ നഗരത്തെ വിറപ്പിച്ച പുലി വളർത്തു പുലിയെന്ന് വനംവകുപ്പ് വെറ്റിറനറി സർജന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് വനംവകുപ്പ് അന്വേഷണം തുടങ്ങി. മാർച്ച് അഞ്ചിനാണ് കണ്ണൂർ സിറ്റി തായത്തെരുവിൽ പുലിയെ കണ്ടത്. ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ പുലിയെ രാത്രി 10.35 ഓടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, പിടികൂടി രണ്ടുമാസം പിന്നിടുന്പോൾ പുലിയെ കാട്ടിലേക്ക് തുറന്നു വിടാനാവാതെ അധികൃതർ കുഴങ്ങുകയാണ്. പുലി കാട്ടിൽ വളർന്നതായുള്ള ലക്ഷണമില്ലെന്ന വനംവകുപ്പ് വെറ്റിറനറി സർജൻ കെ. ജയകുമാർ വകുപ്പധികൃതർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിയുന്നത്.
വളർത്തുപുലിയെന്ന് സംശയിക്കാൻ കാരണങ്ങൾ ഏറെയാണ്. തായത്തെരു റെയിൽവേ ട്രാക്കിന് സമീപം ഏഴ് മണിക്കൂർ പുലി യാതൊരു ഭാവപ്പകർച്ചയുമില്ലാതെ കിടന്നു. ഈ സമയത്ത് തെക്ക്-വടക്കായി 29 തീവണ്ടികൾ പാഞ്ഞുപോയിട്ടും പുലി ആദ്യമൊന്നു ചാടിയതല്ലാതെ പിന്നീട് ഒരടിപോലും നീങ്ങിയില്ല. കൂടാതെ കുറ്റിക്കാട്ടിന് ചുറ്റുമായി നിറഞ്ഞുനിന്ന ആളുകൾ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും പുലി ശാന്തനായി കിടന്നു. ഇതും പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നതിന് തെളിവാണ്. വീട്ടിൽ വളർത്തിയ പുലിയല്ലെങ്കിൽ സർക്കസ് കൂടാരത്തിൽ നിന്നോ മറ്റോ ചാടിയ പുലിയാണെന്നും സംശയിക്കുന്നു.
തിരുവനന്തപുരം മൃഗശാലയിൽ വച്ച് പുലിക്ക് തീറ്റയായി രണ്ട് മുയലിനെയും രണ്ട് ആടിനെയും ഭക്ഷണമായി നൽകിയെങ്കിലും ഒരു മുയലിനെ കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. ആടുമായി ചങ്ങാത്തത്തിലാകുകയും ചെയ്തു. കൂടാതെ, പുലിയുടെ ശരീരം നല്ല വൃത്തിയോടെ പരിപാലിച്ചതായും സംശയിക്കുന്നു. ഷാന്പൂവോ മറ്റു സുഗന്ധദ്രവ്യങ്ങളോ ഉപയോഗിച്ച് കുളിപ്പിച്ചതായും വെറ്റിറനറി ഡോക്ടർ കെ. ജയകുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മൃഗശാലയിലുള്ള ഈ പുലി ഇരയെ വേട്ടയാടി പിടിക്കാൻ മടിക്കുകയാണ്. ഇതുകാരണം വനത്തിലേക്ക് തുറന്നുവിടാനും ആകുന്നില്ല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുലി ജില്ലയിലെ ഏതോ സന്പന്നന്റെ വീട്ടിൽ ആഢ്യത്തരത്തിനും പ്രൗഢിക്കും വേണ്ടി അതീവരഹസ്യമായി വളർത്തിയതാകാമെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ പുലി കൂടിന് പുറത്തേക്ക് കടന്ന് ഓടിപ്പോയതായും സംശയിക്കുന്നു.
വെറ്റിനറി ഡോക്ടർ കെ. ജയകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ സുനിൽ പാമടിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. കൂടാതെ, വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകാനും തീരുമാനിച്ചിട്ടുണ്ട്. പുലിയെ വളർത്തിയ സന്പന്നൻ രാഷ്്ട്രീയ-സാന്പത്തിക സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചാലും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയിലാണ് വനംവകുപ്പധികൃതരും നാട്ടുകാരും.