ബീഹാറില്‍ പിടിച്ചെടുത്ത ഒമ്പത് ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തെന്ന് പോലീസ്. സംസ്ഥാനത്ത് മദ്യ നിരോധന നിയമം വന്നതിനു പിന്നാലെയാണ് പല തവണയായി പിടിച്ചെടുത്ത 9 ലക്ഷം ലിറ്റര്‍ മദ്യം അപ്രത്യക്ഷമായ സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. നിയമവിരുധമായി സൂക്ഷിച്ച മദ്യം പിടികൂടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായി കാണാതാകുന്നതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബീഹാര്‍ പോലീസ് ഇത്തരമൊരു വിശദീകരം നല്‍കിയത്.
സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം പുറം ലോകമറിയുകയും പോലീസ് മേധാവി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ലാത്ത സംസ്ഥാന പോലീസ് മോധാവികള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പട്ന മേഖലാ ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മദ്യം കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എഡിജിപി എസ്. കെ. സിംഗാല്‍ പറഞ്ഞു. ചില മദ്യക്കുപ്പികള്‍ നശിച്ചുപോയെന്നും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്ത്തതായുമാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ ആരംഭിക്കുമെന്നും അഡീഷണല്‍ എഡിജിപി എസ്.കെ. സിംഗാല്‍ പറഞ്ഞു. ഇതിനിടെ, ബീഹാര്‍ വനിതാ പോലീസ് അസോസിയേഷന് പ്രസിഡന്റ് നിര്‍മ്മല്‍ സിങ്, അസോസിയേഷന് അംഗം ഷംഷേര്‍ സിങ് എന്നിവരെ മദ്യപിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 മെയ് വരെ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് ബീഹാറില്‍ നിതീഷ്കുമാര്‍ സര്‍ക്കാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.