ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഒരു വരുമാനമാർഗം ഉടനടി ഉണ്ടായേതീരൂ എന്ന അവസ്ഥയാണിപ്പോൾ. അല്ലെങ്കിൽ ഒരുപക്ഷേ ഇനിയും ത്രിപുരയിൽ നടന്നതുപോലെയുള്ള സംഭവങ്ങൾക്ക് ഇന്ത്യ സാക്ഷിയാകും. ത്രിപുരയിൽ നടന്ന സംഭവത്തിന് കുറച്ചു ദിവസങ്ങളുടെ പഴക്കമേയുള്ളൂ.
അവിടുത്തെ ഗോത്ര വർഗത്തിൽപ്പെട്ട കാനാജോയ് റിയാംഗ് എന്ന യുവാവ് തന്റെ ഭാര്യക്കെതിരേ ഒരു ആരോപണവുമായി മുന്നോട്ടു വന്നു. അവരുടെ കുഞ്ഞിനെ ഭാര്യ 200 രൂപയ്ക്ക് വിറ്റു. ഏപ്രിൽ 13നാണ് ഭാര്യ ദൻഷായി എന്ന ഒട്ടോഡ്രൈവർക്ക് കുഞ്ഞിനെ വിറ്റത്. താൻ എതിർപ്പറിയിച്ചിട്ടും ഭാര്യ ഇയാൾ അറിയാതെ അവരുടെ കുഞ്ഞിനെ വിൽക്കുകയായിരുന്നു എന്ന് റിയാംഗ് പോലീസിനോട് പറഞ്ഞു.
“കുഞ്ഞ് ഇപ്പോൾ മച്ചകുന്പിഗ്രാമത്തിലുണ്ടെന്ന് പലരും പറഞ്ഞ് അറിയുന്നു. പ്രശ്നം നാട്ടുകൂട്ടത്തിൽ അറിയിച്ച് ഞങ്ങൾ കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ പോയി കണ്ടു. എന്നാൽ കുഞ്ഞിനെ അതിന്റെ അമ്മയ്ക്കേ നൽകൂ എന്ന നിലപാടിലാണ് അയാൾ’ റിയാംഗ് പറയുന്നു.
കുഞ്ഞിനെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കാൻ ആവശ്യമായതെല്ലാം ചൈൽഡ്ലൈൻ വഴി ചെയ്യുന്നുണ്ടെന്ന് പ്രാദേശിക ശിശുക്ഷേമ പദ്ധതി ഭാരവാഹികൾ അറിയിച്ചു. പതിനഞ്ച് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ദലൈ ജില്ലയിൽ പതിനൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ 5,000 രൂപയ്ക്ക് വിറ്റതായിരുന്നു ആദ്യത്തെ സംഭവം. രോഗം ബാധിച്ച് കിടപ്പിലായ, ഭർത്താവിന്റെ ചികിത്സയ്ക്കായാണ് കുഞ്ഞിനെ വിറ്റതെന്ന് സ്ത്രീ പോലീസിൽ മൊഴി നൽകി.