നെടുമങ്ങാട് : ഓരോ മത്സരത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്പോൾ ചുറ്റും നിന്ന് കൈയടിക്കുന്നവരുടെ ആവേശത്തിനപ്പുറം ജീവിതം കെട്ടിപ്പെടുക്കാൻ ഒരു തൊഴിലായിരുന്നു നിഖിലേഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നം. മത്സരവേദികളിലെത്താനുള്ള തുക പോലും അധ്വാനിച്ചുണ്ടാക്കി ഓരോ മത്സരങ്ങളും നിശ്ചദാർഡ്യത്തോടെ പിന്നിടുകയായിരുന്നു.
പവർ ലിഫ്റ്റിംഗിനെ സ്നേഹിച്ചും ആരാധിച്ചും കാണികളെ സജീവമാക്കിയപ്പോഴും കൂട്ടായിരുന്ന ദാരിദ്ര്യവും കഷ്ടപ്പാടും ഇന്നും തുടരുന്നു. ഏഴ് വർഷം സംസ്ഥാന പവർ ലിഫ്റ്റിംഗ് (ഭാരദ്വഹനം) ചാന്പ്യനായിരുന്ന നിഖിലേഷാണ് ഉപജീവനത്തിനായി ചുമട് എടുക്കുന്നത്.
എസ്.എം.ഭവനിൽ നിഖിലേഷ് എന്ന ഈ ചാന്പ്യൻ ഇന്ന് സിമെന്റ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ്. നെടുമങ്ങാട് മുൻസിപ്പൽ ജിംനേഷ്യത്തിൽ നിന്നും പവർലിഫ്റ്റിംഗ് പരിശീലനം തുടങ്ങിയ നിഖിലേഷ് ഏഴ് വർഷം സംസ്ഥാന ചാന്പ്യനും സ്ട്രോംഗ്മെൻ ഓഫ് കേരളയുമായിരുന്നു. കേരള സർവകലാശാല പവർ ലിഫ്റ്റിംഗ് ചാന്പ്യഷിപ്പിൽ റിക്കാർഡ് വിന്നറായിരുന്നു നിഖിലേഷ്.
2000ൽ പഞ്ചാബിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ദേശീയ റിക്കാർഡ് നേടിയാണ് നിഖിലേഷ് അഭിമാനമായത്. 2001 ലെ ദേശീയ ജൂനിയർ പവർലിഫ്റ്റിംഗ് മത്സരത്തിൽ വെള്ളി മെഡലും, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ സ്പോട്ട് ഇനത്തിലും ദേശീയ റിക്കാർഡിനുടമയാണ് ഇദ്ദേഹം. സാന്പത്തിക പരാധീനതകൾ കാരണം പ്രീഡിഗ്രി പഠനം പോലും പൂർത്തിയാക്കാനായില്ല. അന്നത്തിനുള്ള വക കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ പഠനവും പരിശീലനവും ഉപേക്ഷിക്കേണ്ടി വന്നു.
പിഎസ്സി പരീക്ഷകൾ പലതെഴുതിയെങ്കിലും നിത്യവൃത്തിയ്ക്കുള്ള തൊഴിൽ നേടാനായില്ല. നിഖിലേഷിന്റെ ദാരിദ്ര്യാവസ്ഥ മനസിലാക്കി 2005 ൽ ഇദ്ദേഹത്തിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തെങ്കിലും നാളിതുവരെ അതിനുള്ള യാതൊരു നടപടിയുമുണ്ടായില്ല. ഭാര്യ ദിവ്യയും മക്കളായ നിഖിത, നീരജ് , എന്നിവരടങ്ങുന്ന കുടുംബമാണ് നിഖിലേഷിന്റേത്. വീട് വയ്ക്കാനായി ജില്ല സഹകരണ ബാങ്ക് പനവൂർ ശാഖയിൽ നിന്നെടുത്ത വായ്പ കുടിശികയായതിനാൽ കിടപ്പാടം ജപ്തി ഭീഷണിയിലാണ്.