ബെംഗളൂരു: അടിച്ചു ഫിറ്റായ ഭാര്യയുടെ വെടിയേറ്റ് സ്വകാര്യ കമ്പനിയുടെ സിഇഒ ഗുരുതരാവസ്ഥയില്‍. മൂന്നു തവണ വെടിയേറ്റിറ്റും രക്ഷപ്പെട്ടോടിയ ഭര്‍ത്താവിനെ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇവരെ സൂര്യ നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ഹൊസൂര്‍ റോഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബെംഗളൂരു ആസ്ഥാനമായ എയ്‌സ് പ്രോപര്‍ട്ടി മാനേജ്‌മെന്റ് സിഇഒ സായി റാം(53) ആണ് വെടിയേറ്റ് ആശുപത്രിയിലായത്. കൊലപാതക ശ്രമത്തിനാണ് ഭാര്യ ഹാംസ റാമിനെ (48) പൊലീസ് അറസ്റ്റു ചെയ്തത്.15 വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷാ ജീവനക്കാരെയും ഹൗസ്‌കീപ്പിങ് ജീവനക്കാരെയും നല്‍കുന്ന സ്ഥാപനമാണ് എയ്‌സ്. തമിഴ്‌നാട്ടിലെ വീട്ടില്‍ നിന്നും ബംഗളുരുവിലേക്കു വരുകയായിരുന്നു ഇരുവരും. തുടര്‍ന്ന് മകളുടെ വിവാഹക്കാര്യത്തെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് ഡിഎസ്പി എം.ബി. ബൊറലിങ്കയ്യ പറഞ്ഞു. യാത്രയ്ക്കിടെ ചന്ദാപുര്‍ ഭാഗത്ത് ഒരു റസ്റ്ററന്റില്‍ കയറി അത്താഴം കഴിച്ചതിനു ശേഷം ഇരുവരും മദ്യപിക്കുകയായിരുന്നു. വീണ്ടും കാറില്‍ക്കയറിയ ഇവര്‍ മകളുടെ വിവാഹക്കാര്യത്തെ പറ്റിയുള്ള സംസാരം തുടര്‍ന്നു. സംസാരം കലഹത്തിലെത്തിയപ്പോള്‍ സായിറാം ഭാര്യയുടെ മുഖത്ത് ഇടിച്ചു. ഇതില്‍ പ്രകോപിതയായി ഹാംസ റാം തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കാറില്‍ നിന്നിറങ്ങിയോടിയ സായി റാം മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചാടിക്കയറി. പിന്തുടര്‍ന്ന യുവതി ബസിനു കുറുകെ കാര്‍ നിറുത്തി. ബസില്‍ കയറി വീണ്ടും വെടിവയ്ക്കാനൊരുങ്ങി. ബസ് യാത്രക്കാര്‍ ബലപ്രയോഗത്തിലൂടെ ഹാംസയെ തടഞ്ഞുവയ്ക്കുകയും പൊലീസിനു കൈമാറുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സായി റാമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനാണു വെടിവച്ചതെന്നാണ് ഹാംസയുടെ മൊഴി. പൊലീസ് ഇവരില്‍നിന്നു തോക്ക് കണ്ടെടുത്തു. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും കുറച്ചുകാലമായി ഒരുമിച്ചല്ല ജീവിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.