മാവേലിക്കര: അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത് മാവേലിക്കര ചെട്ടികുളങ്ങര തട്ടയ്ക്കാട്ട് കുടുംബാംഗമായ ഡോ. രമേശ്കുമാറി(രാമു-32) നെ. ഹെൻറി ഫോർഡ് ആശുപത്രിയിലെ ഡോക്ടറായ രമേശ് കുമാർ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നില്ല. മകനെ കാണാതായതറിഞ്ഞ് അച്ഛൻ ഡോ. നരേന്ദ്രകുമാർ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. മൊബൈൽ സന്ദേശങ്ങൾക്കും മറുപടിയുണ്ടായില്ല. ഫ്ളാറ്റിലെത്തിയപ്പോൾ അവിടെയും കണ്ടില്ല. തുടർന്നു പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ദേശീയ പാതയോരത്തെ മിഷിഗണിൽ നിർത്തിയിട്ടിരുന്ന രമേശ് കുമാറിന്റെ കാർ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ കാറിന്റെ പിൻസീറ്റിൽ വെടിയേറ്റു മരിച്ചനിലയിൽ രമേശ് കുമാറിനെ കണ്ടെത്തുകയായിരുന്നു.
ഡോ. നരേന്ദ്രകുമാർ യുഎസിൽ ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനയായ എഎപിഐയുടെ മുൻ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാൻ പുരസ്കാര ജേതാവുമാണ്. ഡോ. രമേശ്കുമാറിന്റെ അമ്മ മീനാക്ഷി പാലക്കാട് സ്വദേശിയാണ്. സഹോദരി: ശാരദ. സഹോദരീ ഭർത്താവ് ഡോ. അർജുൻ. 37വർഷമായി അമേരിക്കയിലുള്ള കുടുംബം എല്ലാ വർഷവും കുടുംബം ചെട്ടികുളങ്ങരയിൽ എത്താറുണ്ടായിരുന്നു.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു രമേശ്കുമാർ എംബിബിഎസ് ബിരുദമെടുത്തത്. മിഷിഗണിൽ എംഡിക്കു പഠിക്കുകയും അവിടെ ജോലി നോക്കുകയുമായിരുന്നു. വംശീയാക്രമണമാണോയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിദ്വേഷ കൊലപാതകമാണെന്നു കരുതുന്നില്ലെന്നാണു വീട്ടുകാരുടെ നിലപാട്. സംസ്കാരം നാളെ നടക്കുമെന്നു വീട്ടുകാർ അറിയിച്ചു.