കേരളത്തിൽ ബാഹുബലി തരംഗം ആഞ്ഞടിക്കുന്പോൾ ചങ്കിടിച്ച് മലയാളസിനിമ. മലയാളത്തിൽ പുലിമുരുകൻ എന്ന എക്കാലത്തെയും ക്രൗഡ് പുള്ളർ സിനമയ്ക്കുശേഷം വന്പൻ ഹിറ്റുകളൊന്നും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്പോഴാണ് ബാഹുബലിയുടെ വരവ്. 10 കോടിരൂപയ്ക്കാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തത്. ആദ്യദിനം തന്നെ 5.45 കോടിരൂപ കളക്ഷൻ നേടിയെന്നാണ് കണക്ക്. ഇപ്പോഴും തിയറ്ററുകളിൽ അഡ്വാൻസ് ബുക്കിംഗിനുള്ള തിരക്കാണ്. ഈ ഒരുഅവസരത്തിൽ േ മയ്മാസത്തിൽ റിലീസിനൊരുങ്ങുന്ന മലയാളസിനിമകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ചെറുതും വലുതുമായ ഏഴു ചിത്രങ്ങളാണ് റിലീസിനായി തയാറെടുക്കുന്നത്. എന്നാൽ ഇതിൽ എത്ര ചിത്രങ്ങൾക്ക് തിയറ്റർ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ല. കാരണം ബാഹുബലിയെ കൈവിടാൻ തിയറ്ററുകൾ ഒരുക്കമല്ല എന്നതു തന്നെ.
മേയ് അവസാനത്തോടെ റംസാൻ വ്രതം ആരംഭിക്കുമെന്നതിനാൽ ഈ മലയാളചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാനും കഴിയില്ല. കാരണം നോന്പുകാലത്ത് വലിയൊരുവിഭാഗം തിയറ്ററുകളിൽ നിന്നും മാറിനിൽക്കും എന്നതുതന്നെ. മലബാറിൽ വ്രതക്കാലത്ത് സിനിമകൾ റിലീസ് ചെയ്യുന്നത് വലിയ തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക. അതിനാൽ കിട്ടിയ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യുക എന്നതുമാത്രമാണ് ഈ ചെറിയ സിനിമകൾക്കു മുന്പിലുള്ള പോംവഴി.
ഇതിൽ ദുൽഖർ സൽമാൻ നായകനായ ‘സിഐഎകൊമ്രേഡ് ഇൻ അമേരിക്ക’ എന്ന ചിത്രം മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്. ഇതോടൊപ്പം ജിത്തുജോസഫ് തിരക്കഥയൊരുക്കുന്ന ഇന്ദ്രജിത്ത്ബിജുമേനോൻ എന്നിവർ നായകരാകുന്ന ലക്ഷ്യം എന്ന ചിത്രവും തിയറ്ററിൽ എത്തുമെന്നാണ് അറിയുന്നത്. എന്നാൽ നൂറിൽ താഴെ തിയറ്ററിൽ മാത്രമേ ഈ രണ്ടുചിത്രങ്ങൾക്കും ഇടം ലഭിക്കൂവെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. അതായത് സമീപകാലത്ത് ഒരു ദുൽഖർ ചിത്രത്തിന് ലഭിക്കുന്ന എറ്റവും കുറഞ്ഞ തിയറ്ററുകളുടെ എണ്ണമായിരിക്കും ഇത്. നിലവിൽ ഏതൊരു താര ചിത്രവും നൂറിലധികം തിയറ്ററുകളിൽ ഒന്നിച്ച് റിലീസ് ചെയ്യുന്ന തന്ത്രമായിരുന്നു അടുത്തകാലത്ത് മലയാളസിനിമയിൽ കണ്ടിരുന്നത്. എന്നാൽ ഏറെ പ്രതീക്ഷയോടെ എത്തുന്ന ഈ രണ്ടുചിത്രങ്ങൾക്കും അത് ഏറെക്കുറെ അപ്രാപ്യമാണ്. കാരണം കുടുംബങ്ങൾക്കിടയിലും കുട്ടികൾക്കിടയിലുമുള്ള ബാഹുബലിയുടെ സ്വാധീനം തിയറ്ററുകളിലും പ്രകടമാണ് എന്നതുതന്നെ.
ഇതിനു പുറമേ രാമന്റെ ഏദൻതോട്ടം, ഗോദ, ചങ്ക്സ് , അച്ചായൻസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, അവരുടെ രാവുകൾ എന്നീ ചിത്രങ്ങൾ ഈ മാസം തന്നെ റിലീസ് ചെയ്യാനായിരുന്നു അണിയറക്കാരുടെ ആഗ്രഹം. പക്ഷേ അതിനുള്ള തിയറ്ററുകൾ ലഭിക്കുമോ എന്നകാര്യമാണ് അറിയേണ്ടത്. റിലീസ് ചെയ്താൽ തന്നെ ബാഹുബലി തരംഗത്തിൽ അതു മുങ്ങിപ്പോകുമോ എന്ന ആശങ്ക വേറെയും.
ഈ ചിത്രങ്ങളിൽ അച്ചായൻസ് എന്ന സിനിമ മാത്രമാണ് വലിയ ബജറ്റ് സിനിമ എന്ന ഗണത്തിൽപ്പെടുത്താനാകുക. മൗത്ത് പബ്ലിസിറ്റിയായിരിക്ും മറ്റുചിത്രങ്ങളുടെ വിധി നിർണയിക്കുക. ഈ ചിത്രങ്ങളുടെ ടീസറുകൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇൗ മാസം ചിത്രങ്ങൾ റിലീസ് ചെയ്തില്ലെങ്കിൽ ജൂണ്, ജൂലൈ പോലുള്ള മാസങ്ങളിൽ റിലീസ് ചെയ്യേണ്ടിവരുമെന്ന അവസ്ഥയും സംജാതമാകും.
ഓണക്കാലത്ത് സൂപ്പർതാരചിത്രങ്ങൾ ഇപ്പോഴേ ചാർട്ട് ചെയ്തിരിക്കുന്നതിനാൽ വലിയ പ്രതിസന്ധിയായിരിക്കും ഈ ചിത്രങ്ങളുടെ കാര്യത്തിൽ ഉണ്ടാകുക. ബാഹുബലി സിനിമ മികച്ച അഭിപ്രായം നേടിയപ്പോൾ തന്നെ ഈ സിനിമകളുടെ നിർമാതാക്കൾക്ക് ചങ്കിടിച്ചുതുടങ്ങിയിട്ടുണ്ട്.
നേരത്തെ തിയറ്ററുകളിൽ കളിച്ചുകൊണ്ടിരുന്ന സൂപ്പർതാരചിത്രങ്ങൾക്കടക്കം തിരിച്ചടി നൽകിക്കൊണ്ടാണ് ബാഹുബലി ബോക്സോഫീസിനെ പിടിച്ചു കുലുക്കിയത്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, നിവിൻപോളിചിത്രം സഖാവ് എന്നീ ചിത്രങ്ങളെല്ലാം ബാഹുബലിക്കായി വഴിമാറിക്കൊടുത്തു. ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ബിജുമേനോൻ ചിത്രം രക്ഷാധികാരി ബിജുവിന് വലിയ കളക്ഷൻ നേടാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു വെള്ളിമൂങ്ങ ആകേണ്ടിയിരുന്ന ഈ ചിത്രം ബാഹുബലി തരംഗത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങാനിരിക്കുന്ന ചെറുചിത്രങ്ങളുടെ അണിയറക്കാരുടെയും നെഞ്ചിടിക്കുന്നത്.
കേരളത്തിൽ മാത്രം 300ൽപരം സ്ക്രീനുകളിലാണ് ബാഹുബലി കളിക്കുന്നത്. ചിത്രം രണ്ടാം വാരത്തിലേക്ക് നീങ്ങുന്പോഴും സ്ക്രീനുകളുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടില്ല. മൾട്ടിപ്ലക്സുകളിലും ഗ്രാമ നഗരങ്ങളിലെ തിയറ്ററുകളിലും ബാഹുബലി തരംഗമായി മാറിയിട്ടുണ്ട്.
അതേസമയം വ്യാജ പ്രിന്റുകൾ ഇറങ്ങിയതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. മികച്ച തിയറ്റർ അനുഭവം എന്ന പബ്ലിസിറ്റി തന്നെയാണ് ഇതിനു കാരണം. സംസ്ഥാനത്തുതന്നെ പല തിയറ്ററുകളും നവീകരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ ചിത്രം നിമിത്തമായി. കോഴിക്കോട് ഈസ്റ്റ് ഹിൽ റീഗൽ മാസങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്കുശേഷം ബാഹുബലി റിലീസോടുകൂടിയാണ് പ്രദർശനം പുനരാരംഭിച്ചത്. മൂന്ന് സ്ക്രീനുകളിലാണ് ഇവിടെ പ്രദർശനം നടക്കുന്നത്. ഫോർ എഫ്കെ സാങ്കേതികവിദ്യയോടുകൂടി നവീകരിച്ച ബാലുശേരി സന്ധ്യ തിയറ്ററിൽ ആദ്യം പുലിമുരുകൻ, ഇപ്പോൾ ബാഹുബലി എന്നീ ചിത്രങ്ങൾ ചരിത്രം രചിച്ചുകഴിഞ്ഞു. ആളുകൾ തിയറ്ററിലേക്ക് ഒഴുകി എത്തിയപ്പോൾ തിയറ്റർ നടത്തിപ്പ് നഷ്ടത്തിലാകില്ലെന്നുറപ്പായി. അതുകൊണ്ടുതന്നെ കൂടുതൽ തിയറ്ററുകൾ നവീകരിക്കുന്നതിലേക്ക് ഈ ബ്രഹ്മാണ്ഡചിത്രങ്ങളുടെ വരവ് വഴിയൊരുക്കുമെന്ന കാര്യവും ഉറപ്പാണ്.
ആയിരം കോടി ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ നായകനായ രണ്ടാം ഉൗഴം, പറഞ്ഞുകേൾക്കുന്ന ബിഗ് ബജറ്റ് സിനിമകളായ കർണൻ, കുഞ്ഞാലിമരയ്ക്കാർ എന്നീ ചിത്രങ്ങൾകൂടി എത്തിയാൽ സംസ്ഥാനത്തെ സൗകര്യങ്ങളുള്ള തിയറ്ററുകളുടെ എണ്ണത്തിലും അത് വർധന വരുത്തും.
ഇ.അനീഷ്