കോട്ടയം: കുമ്മനത്തു വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശി ജെയിൻ രാജു(22), കണ്ണൂർ പയ്യന്നൂർ സ്വദേശി പ്രിൻസ് ആന്റണി(23), കോട്ടയം കുറിച്ചി സ്വദേശി ഷിനു(23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി 10നു കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്തു പി.കെ.സുകുവിന്റെ വീടിനു നേരെയാണു ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിന്റെ നേതൃത്വത്തിൽ വീടാക്രമിച്ചുവെന്നാണു വീട്ടുകാർ പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്.
അക്രമത്തിനുശേഷം വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തിയശേഷവും അക്രമികൾ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്്ടിച്ചുവെന്നും പറയപ്പെടുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ, മുറ്റത്തു പാർക്ക് ചെയ്തിരുന്ന കാർ, നാല് ബൈക്കുകൾ സ്വീകരണ മുറിയിലെ ടീപ്പോയി, കസേര എന്നിവയും തകർന്നിട്ടുണ്ട്.
വെസ്റ്റ് പോലീസിനു നല്കിയിരിക്കുന്ന പരാതിക്കു പുറമേ ആക്രമണത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചു വീട്ടുടമ ജില്ലാ പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയിൽ സുകുവിന്റെ സഹോദരന്റെ മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു. വീടിനുമുന്നിൽ ഏറെനേരമായി പാർക്ക് ചെയ്തിരിക്കുന്ന കാർ മാറ്റിയിടണമെന്നു സുകുവിന്റെ മരുമകൻ സുജിൻ എത്തി കാറിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു.
തുടർന്നു കാറിലുണ്ടായിരുന്ന റിജേഷ് കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും പിരിഞ്ഞുപോയ സംഘം ആളുകളെയുംകൂട്ടി മടങ്ങിയെത്തി ആക്രമണം നടത്തുകയായിരുന്നു. വലിയ കല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
സുജിന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകൾ പൂർണമായും തകർത്തു. കാറിന്റെ വശങ്ങൾ കല്ലിനിടിച്ചു കേടുവരുത്തി. സുകുവിന്റെ സ്കൂട്ടർ, മകൻ സുബിന്റെ ബുള്ളറ്റ്, സുകുവിന്റെ സഹോദരൻ രഘുവിന്റെ സ്കൂട്ടർ, ബന്ധുവായ തിരുവാതുക്കൽ വടുതലപറന്പിൽ മുകേഷിന്റെ ബൈക്ക് എന്നിവയും തകർത്തു. മുൻവശത്തെ ജനൽ ചില്ലുകൾ പൂർണമായും കല്ലെറിഞ്ഞു തകർത്തിരിക്കുകയാണ്. ഇതിനിടയിൽ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയതിനുശേഷവും ബൈക്കിലെത്തിയ സംഘം വീടിനു നേരെ അമിട്ടിന് തീകൊളുത്തി എറിഞ്ഞു. അമിട്ടു മറ്റൊരു ദിശയിൽ വീണു പൊട്ടിയതിനാൽ അപകടമുണ്ടായില്ല. ഇവരെ പിടികൂടാൻ പോലീസ് പിന്നാലെ പോയെങ്കിലും സാധിച്ചില്ല.അതേസമയം അക്രമങ്ങൾക്കു പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നു എസ്എഫ്ഐയും സിപിഎമ്മും ആരോപിച്ചു.
വീടും വാഹനങ്ങളും അടിച്ചു തകർത്ത ശേഷം ഉത്തരവാദിത്തം ആർഎസ്എസിന്റെയും ബിജെപിയുടെയും മേൽ ആരോപിക്കുന്ന നീക്കം അപഹാസ്യമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി പറഞ്ഞു.