പാലിയേക്കര: ദേശീയപാതയിൽ അപകടങ്ങളുടെ തുടർകഥ, ടോൾകന്പനി അധികൃതരുടെ അനാസ്ഥമൂലം പത്ത് മിനിറ്റിനുള്ളിൽ നടന്നത് മൂന്ന് അപകടങ്ങൾ. അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ച ഭാഗത്താണ് എല്ലാ അപകടങ്ങളും നടന്നത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഹനഗതാഗതം തടഞ്ഞു.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ ചേന്ദംകുളങ്ങര ക്ഷേത്രത്തിന് മുൻവശത്തായി പാലിയേക്കര സെന്റർവരെ ടോൾകന്പനി പരീക്ഷണാർഥം ടാറിംഗ് നടത്തിയ ഭാഗത്തായിരുന്നു അപകടം.
അപ്രതീക്ഷിതമായി പെയ്ത മഴ ശക്തമായതോടെ ദേശീയ പാതയിലൂടെ വന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും പുറകെ വന്ന ബൈക്കും പിക് അപ് വാനുമാണ് അപകടത്തിൽ പെട്ടത്. മിനുസപ്പെടുത്തിയ റോഡിൽ ബ്രേക്ക് ചെയ്ത വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു അപകടകാരണം. ബസ് റോഡിനു കുറുകെ രണ്ട് തവണ വട്ടം കറങ്ങിയാണ് നിന്നത്.
അപകടത്തിൽപ്പെട്ട ബൈക്ക് റോഡിൽ കുറുകെ വീണു കിടപ്പുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. തൊട്ടുപിന്നാലെ കള്ള് കയറ്റാൻ പോവുകയായിരുന്ന പിക് അപ് വാനും ബ്രേക്ക് കിട്ടാതെ ദേശീയപാതയിൽ അപകടത്തിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
സിപിഎം, ബിജെപി പ്രവർത്തകർ കൂടി ചേർന്നതോടെ നാട്ടുകാർ ദേശീയപാതയിൽ വാഹനഗതാഗതം തടഞ്ഞു. ഒരു വശത്തേക്കുള്ള ഗതാഗതം പൂർണമായും തടഞ്ഞ നാട്ടുകാർ ടോൾ കന്പനി അധികൃതർ പ്രശ്ന പരിഹാരം കാണാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ദേശീയപാത വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. മഴയും ഗതാഗത തടസവുമായതോടെ വാഹനയാത്രികർ ദുരിതത്തിലായി.
പുതുക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പോലീസ് നിയന്ത്രണത്തിൽ മിനുസപ്പെടുത്തിയ സ്പീഡ് ട്രാക്കിലൂടെ വാഹനഗതാഗതം നിശ്ചിത വേഗതയിൽ നടത്താമെന്ന ഉറപ്പിൽ ഒന്പതരയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പുതുക്കാട് എസ്ഐ നാട്ടുകാരെ ചോദ്യം ചെയ്തതും സംഘർഷത്തിനിടയാക്കി.
രാത്രി പത്തോടെ ടോൾ കന്പനി അധികൃതർ സ്ഥലത്തെത്തി റോഡിലെ മിനുസപ്പെടുത്തിയ ഭാഗം സുരക്ഷാനാട കെട്ടി തിരിച്ചു. നേരത്തേ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡ് ദുരബ്ബലമായ ഭാഗത്ത് ഉപരിതലം പൊളിച്ച് മാറ്റി ടാറിംഗ് നടത്തിയിരുന്നു. എന്നാൽ പ്രതലം മിനുസമാക്കുന്നത് അപകടത്തിനിടയാക്കുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് ടോൾ കന്പനി അധികൃതർ അവഗണിക്കുകയായിരുന്നു.