കാമുകിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കാനെത്തിയ കാമുകനും സംഘവും മധ്യസ്ഥതയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ അലുമിനിയം പാത്രത്തിന് അടിയേറ്റ പോലീസ് ഉദ്യേഗസ്ഥന്റെ തലയ്ക്ക് നാലു തുന്നല്‍. ഇന്നലെ രാത്രിയോടെ നഗരത്തിന് തെക്കുഭാഗത്തായിരുന്നു സംഭവം. കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കുന്നതിനായി കാമുകനും സംഘവുമെത്തിയപ്പോള്‍ സഹോദരന്‍ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി.എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്ഥലത്തെത്തി യുവാക്കളുമായി സംസാരിക്കാന്‍ ശ്രമിക്കവെ ആയിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ രാഷ്ട്രദീപികയോട് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
നഗരത്തിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. വിവരം വീട്ടുകാര്‍ അറിഞ്ഞതോടെ ഈ ബന്ധം നടക്കില്ലെന്ന് പെണ്‍കുട്ടിയെ അറിയിക്കുകയും ചെയ്തു. ഇതോടെ യുവാവും പെണ്‍കുട്ടിയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആദ്യം ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചെങ്കിലും വിളിച്ചിറക്കി കൊണ്ടുപോകുകയാണ് ഹീറോയിസമെന്ന് കാമുകന്‍ പറഞ്ഞതോടെ കാമുകിയും സമ്മതം മൂളി. രാത്രി താന്‍ വീട്ടിലെത്തുമെന്നും വിളിക്കുമ്പോള്‍ ആവശ്യം വേണ്ടുന്ന സാധനങ്ങളുമായി ഇറങ്ങി വരണമെന്നുമായിരുന്നു കാമുകന്റെ ഉത്തരവ്.
പറഞ്ഞതുപോലെ കാമുകന്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഒരു വാഹന ഫിനാന്‍സ് സ്ഥാപനത്തിലെ ജോലിക്കാരനാണ് യുവാവ്. കുറച്ചു തടിമിടുക്കുള്ള കൂട്ടുകാരെയും കൂട്ടിയായിരുന്നു യുവാവ് എത്തിയത്. സംഗതി പന്തിയല്ലെന്ന് മനസിലായതോടെ പെണ്‍കുട്ടിയുടെ സഹോദരനാണ് പോലീസുകാരനായ കൂട്ടുകാരനെ വിളിച്ചുവരുത്തിയതും. പോലീസുകാരന്‍ അടിയേറ്റ് വീണതോടെ കാമുകനും കൂട്ടരും സ്ഥലംവിടുകയും ചെയ്തു. വിളിച്ചിറക്കി കൊണ്ടുപോകാനാണ് എത്തിയതെങ്കിലും പെണ്‍കുട്ടി ഇപ്പോഴും വീട്ടില്‍ തന്നെയാണെന്നാണ് അവസാനം കിട്ടുന്ന വിവരം.