ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി ജില്ലാ കളക്ടർ വീണ എൻ. മാധവന്റെ നേതൃത്വത്തിൽ നടന്ന സേവനസ്പർശം പരിപാടിയിൽ കാർത്തികപ്പള്ളിയിൽ തീർപ്പാക്കിയത് 10,607 പരാതികൾ. ആകെ ലഭിച്ച 12,925 അപേക്ഷകൾ പരിഗണിച്ചപ്പോഴാണിത്. ഇന്നലെ ഹരിപ്പാട് ഭവാനി ഓഡിറ്റോറിയത്തിൽ നടന്ന കാർത്തികപ്പള്ളി താലൂക്ക് സേവനസ്പർശത്തിൽ 2644 അപേക്ഷകൾ ലഭിച്ചു. അതിൽ 2117 അപേക്ഷകൾക്ക് അപ്പോൾ തന്നെ തീർപ്പും കല്പിച്ചു.
ചികിത്സാ ധനസഹായത്തിനും ബിപിഎൽ ആകാനും വീടും സ്ഥലവും ലഭിക്കാനുമുള്ള അപേക്ഷകളാണ് കൂടുതലും ലഭിച്ചത്. കാർത്തികപ്പള്ളിയിൽ രാവിലെ ഏഴിനുതന്നെ രജിസ്ട്രേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥരെത്തി. തുടക്കത്തിൽ തന്നെ പരാതിക്കാരുടെ നീണ്ടനിര രൂപം കൊണ്ടിരുന്നു. റവന്യു, സർവേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളും താലൂക്ക്തല അദാലത്തിലെത്തി. പഞ്ചായത്ത്, നഗരസഭാതല ഉദ്യോഗസ്ഥരും വിവിധ വകുപ്പുതല മേധാവികളും നേരത്തേ തന്നെ സന്നിഹിതരായി.
വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ സ്വീകരിക്കാൻ അഞ്ച ു പേരടങ്ങിയ വിവിധ കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. പരാതികൾ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി കളക്ടറെ സമീപിക്കാൻ അവസരം ഒരുക്കി. തീർപ്പാകാത്ത അപേക്ഷകൾ അതാതു വകുപ്പുകൾക്കും കൈമാറി. തുടർന്ന് വകുപ്പുതല ഉദ്യോഗസ്ഥർ പരാതികളിൽ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം കളക്ടറെ അറിയിക്കും. സേവനസ്പർശം വെബ്സൈറ്റിൽ തൽസമയ വിവരം അറിയാനും സംവിധാനമുണ്ട്.
കളക്ടർ വീണ എൻ. മാധവൻ, എഡിഎം എം.കെ. കബീർ, ആർഡിഒ വി. രാജചന്ദ്രൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ സി. രാജൻ, ഡെപ്യൂട്ടി കളക്ടർമാരായ പി.എസ്. സ്വർണമ്മ, ആർ. സുകു, ലീഡ് ബാങ്ക് മാനേജർ കെ.എസ്. അജു, കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ പി. മുരളീധരക്കുറുപ്പ്, അഡീഷണൽ തഹസിൽദാർ എസ്. വിജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അവസാന പരാതിക്കാരന്റെയും അപേക്ഷ സ്വീകരിച്ച ശേഷമാണ് കളക്ടർ മടങ്ങിയത്. പരാതി നൽകാനെത്തിയവർക്കും ഉദ്യോഗസ്ഥർക്കും ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. താലൂക്ക് ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം, ഹരിപ്പാട് അഗ്നിശമന സേന, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങൾ എന്നിവർ നടത്തിപ്പിനു സഹായവുമായി സ്ഥലത്തുണ്ടായിരുന്നു.
സേവനസ്പർശം പരിപാടിയുടെ ഭാഗമായി അക്ഷയ മുഖേന നടത്തിയ ആധാർ എൻറോൾമെന്റിലൂടെ ഇതുവരെ 60 പേർക്കു ആധാർ സേവനവും ലഭ്യമായി. കഴിഞ്ഞ വിഷുവിനു മരം ഒടിഞ്ഞ് വൈദ്യുതകന്പി പൊട്ടിവീണു മരിച്ച കുഞ്ഞമ്മയുടെ ബന്ധുക്കൾക്ക് ഇൻഷ്വറൻസ് ഇനത്തിൽ ലഭിക്കേണ്ട തുക എത്രയും പെട്ടെന്നു ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിൽ തീർത്ത് നൽകി നഷ്ടപരിഹാരം നൽകാൻ കളക്ടർ കെഎസ്ഇബിയുടെ ഹരിപ്പാട് അസിസ്റ്റന്റ് എൻജിനിയർക്കു നിർദേശം നൽകി.
കരുവാറ്റ പഞ്ചായത്തിൽ 13ാം വാർഡിൽ അഞ്ചുതെങ്ങ് പ്രദേശവാസികളായ നൂറോളം പേർക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിക്കും പരിഹാരമായി. അടിയന്തരമായി പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിച്ച് എത്രയും പെട്ടെന്ന് കുടിവെള്ളം എത്തിക്കാൻ കളക്ടർ വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കു നിർദേശം നൽകി.
സേവനസ്പർശം പരിപാടിയിൽ ലഭിച്ച പരാതികളിലും അപേക്ഷകളിലും എല്ലാവർക്കും മറുപടി ലഭ്യമാക്കുമെന്ന് കളക്ടർ വീണ എൻ. മാധവൻ പറഞ്ഞു. തീർപ്പാക്കിയതും തീർപ്പാക്കാനുള്ളതുമായ പരാതികളിലെല്ലാം മറുപടി നൽകും. ഇതുവരെ സേവനസ്പർശത്തിൽ ലഭിച്ച പരാതികളുടെ തൽസ്ഥിതി അവലോകനം നടത്തുന്നതിനായി 12നു രാവിലെ 10.30നു പ്രത്യേക യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേരുമെന്നും കളക്ടർ പറഞ്ഞു.