കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസിൽ ഇന്നു കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറന്പ് രാജുഭവനിൽ പ്രിൻസ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിൻ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിൻഘോഷ് (23) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ചങ്ങനാശേരിയിൽ തിയറ്ററിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണു സിനുവെന്നും വെസ്റ്റ് എസ്ഐ എം.ജെ.അരുണ്‍ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിനുശേഷം ആശുപത്രിയിൽ ചികിത്സ തേടിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബു ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിന്റെ വീടിനു നേരെയാണു ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് റിജേഷ് കെ.ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘം മൂന്നു തവണയായി വീടാക്രമിച്ച് വാഹനങ്ങൾ അടിച്ചുതകർത്തുവെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി ആവശ്യപ്പെട്ടു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ മദ്യപിച്ചെത്തിയ സാമൂഹിക വിരുദ്ധർ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധയോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ഉദ്ഘാടനം ചെയ്തു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു.