കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്നുവീണ്ടും മൊഴിയെടുക്കും. കമ്മിട്ടിപ്പാടം കരോട്ട് ഗിരീഷിന്റെ ഭാര്യ ശ്രീദേവിയാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരാള്‍ വീട്ടമ്മയെ പുറകില്നിന്നു സൂചികൊണ്ടു കഴുത്തിനു കുത്തി തുണികൊണ്ടു മുഖം മൂടുകയായിരുന്നുവെന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ചിരിക്കുന്ന മൊഴി.
കട്ടിലിലിടിച്ചു വീണ വീട്ടമ്മയ്ക്കു ബോധം നഷ്ടപെടുകയായിരുന്നു. തുടര്‍ന്നു വീട്ടിലെ അലമാര കുത്തിത്തുറന്നു 11 പവനോളം സ്വര്‍ണം കവര്‍ന്നെന്നാണ് വീട്ടമ്മ പറയുന്നത്. എന്നാല്‍, പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് വീട്ടമ്മയില്‍നിന്നു വീണ്ടും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ശ്രീദേവി ആക്രമിക്കപ്പെടുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ഗിരീഷ് തിരിച്ചെത്തിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെ കണ്ടത്. തുടര്‍ന്ന് കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. മൊഴിയില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ ഇന്നു വീണ്ടും മൊഴിയെടുത്ത ശേഷമെ കൂടുതല്‍ അന്വേഷണത്തിലേക്കു കടക്കാന്‍ സാധിക്കുയുള്ളുവെന്ന് കടവന്ത്ര എസ്ഐ എം.കെ. സജീവ് പറഞ്ഞു.