ആലപ്പുഴ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി അയൽവീടിന്റെ മുറ്റത്തിട്ട് വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ വാക്കുതർക്കമാണെന്ന സംശയത്തിൽ പോലീസ്. പാതിരപ്പള്ളി അയ്യങ്കാളി ജംഗ്ഷന് സമീപം വേളങ്ങാട്ട് ഹൗസിൽ സോണിയാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ സോണിയെ ഒരാൾ വിളിച്ചുകൊണ്ടുപോകുകയും തുടർന്ന് അയൽവീടിന്റെ മുറ്റത്തിട്ട് സംഘം ചേർന്ന് വെട്ടുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ സമീപ വാസികൾ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പാതിരപ്പള്ളി സ്വദേശിയായ സോണി വീടിന് സമീപം കോഴികച്ചവടം നടത്തിവരുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുന്പാണ് അയ്യങ്കാളി ജംഗ്ഷന് സമീപം താമസമാരംഭിച്ചത്. ഇയാളുടെ സുഹൃത്തുക്കളടക്കമുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞദിവസം പ്രദേശവാസിയായ യുവാവുമായി സോണി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പ്രധാന റോഡിലൂടെ യുവാവ് ബൈക്കിൽ വരുന്പോൾ ഇട റോഡിൽ നിന്ന് സോണി വാഹനത്തിൽ പ്രധാന റോഡിലേക്ക് കയറിയതിനെച്ചൊല്ലിയായിരുന്നു വാക്കുതർക്കം. തന്നെ യുവാവ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് സോണി യുവാവിനെ പിൻതുടർന്ന് തടയുകയും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തിരുന്നു.
ഈ സമയം യുവാവ് അറിയിച്ചതിനെത്തുടർന്ന് ഒരു സംഘം യുവാക്കളും സ്ഥലത്തെത്തി. ഇതിനിടയിൽ സോണിയും യുവാവും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. സ്ഥലത്തെത്തിയവർ ഇരുവരെയും പിടിച്ച് മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇന്നലെ സോണിയെ ആക്രമിക്കുന്നതിനിടയിൽ പരാമർശിക്കപ്പെട്ടതായുള്ള വിവരമാണ് പോലീസിന് ഇത്തരത്തിലൊരു സംശയമുയരാൻ കാരണം.
സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. റീനയാണ് മരിച്ച സോണിയുടെ ഭാര്യ. സോന, സോഫ്ന എന്നിവർ മക്കളാണ്.