കൊച്ചി: എല്ലാ സജ്ജീകരണങ്ങളോടുംകൂടി കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിച്ചു. നാലു ട്രെയിനുകള്‍ ഉപയോഗിച്ച് ഇന്നു രാവിലെ ആറരയോടെ ആലുവയില്‍നിന്നും ആരംഭിച്ച സര്‍വീസ് ട്രയല്‍ രാത്രി 9.30വരെ തുടരും. രണ്ടു ട്രാക്കുകളിലുമായി സാധാരണ യാത്രയ്ക്കു തുല്യമായ സര്‍വീസ് ട്രയലാണു നടത്തുന്നതെങ്കിലും യാത്രക്കാരെ കയറ്റില്ല. നേരത്തെ പല തവണ ട്രയല്‍ നടത്തിയിട്ടുണ്ടെങ്കിലും മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും അനൗണ്‍സ്മെന്റുകളും ഉപയോഗിച്ചു നടത്തുന്ന ആദ്യ സര്‍വീസ് ട്രയലാണ് ആരംഭിച്ചത്. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കിയും ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചുമാണു സര്‍വീസ്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരമുള്ള, കൊച്ചി മെട്രോയുടെ ആദ്യഘട്ട പാതയിലെ 11 സ്റ്റേഷനുകളിലും ട്രെയിനുകള്‍ കയറിയിറങ്ങി. നാളെ മുതല്‍ ആറു ട്രെയിന്‍ വീതമാകും സര്‍വീസ് ട്രയലിന് ഉപയോഗിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കു മെട്രോയുടെ സര്‍വീസില്‍ ആത്മവിശ്വാസം ലഭിക്കുന്നതുവരെ ട്രയലുകള്‍ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരുമെന്നും ഇതു പത്തുദിവസം വരെയാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണു കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ(സിഎംആര്‍എസ്) അന്തിമസുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായത്. സിഎംആര്‍എസിന്റെ അന്തിമാനുമതിയും ലഭിച്ച പശ്ചാത്തലത്തിലാണു സമയപ്പട്ടിക തയാറാക്കി കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിച്ചിരിക്കുന്നത്. സംഘം നല്കിയ അനുമതിക്കൊപ്പം ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് അധികമായി നടത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഡിസ്പ്ലേ ബോര്‍ഡുകള്‍ അടക്കമുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളിലും ചിലതു ചെയ്യേണ്ടതുണ്ട്. ഇവ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരമുള്ള, കൊച്ചി മെട്രോയുടെ ആദ്യഘട്ട പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ടു ശേഷിക്കുന്ന അനുബന്ധ ജോലികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കുമെന്നും നിര്‍മാണച്ചുമതല വഹിക്കുന്ന ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകളായ ടാറ്റ എലിക്സിയുടെ പ്രതിനിധികളും കെഎംആര്‍എല്‍ പ്രതിനിധികളും സംയുക്തമായി ഇന്നലെ ആലുവ മുതലുള്ള മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു നിര്‍മാണജോലികള്‍ വിലയിരുത്തിയിരുന്നു.
കൊച്ചി മെട്രോ കമ്മീഷനിംഗ് തീയതി സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഉദ്ഘാടനചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രതീക്ഷയിലാണു കെഎംആര്‍എല്‍ അധികൃതര്‍. നേരത്തേതന്നെ ഇതു സംബന്ധിച്ച അഭ്യര്‍ഥന കെഎംആര്‍എല്‍ കൈമാറിയിരുന്നു. ഇതിനോടു വിയോജിപ്പ് അറിയിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമെന്നുതന്നെയാണു പ്രതീക്ഷ. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. മോദി എത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ചു തീയതി നിശ്ചയിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാന മന്ത്രി ഉദ്ഘാടനം നടത്താന്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്നാണു കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ(സിഎംആര്‍എസ്) അന്തിമാനുമതി ലഭിച്ചയുടന്‍ സര്‍വീസ് ട്രയല്‍ ആരംഭിച്ചതും.