നെടുങ്കണ്ടം: കുടിവെള്ള വിതരണത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കാലിക്കുടങ്ങളുമായി ഉടുന്പൻചോല താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഗ്രാമപഞ്ചായത്തുകൾവഴി കുടിവെള്ളം വാഹനങ്ങളിൽ ലഭ്യമാക്കുന്നതിനായി ഓരോ പഞ്ചായത്തിനും 10 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് എല്ലാ പഞ്ചായത്തുകളും കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്തുവരികയാണ്.
എന്നാൽ വാഹനക്കൂലി, മറ്റു ചിലവുകൾ ഉൾപ്പടെ സർക്കാർ അനുവദിച്ച 10 ലക്ഷം രൂപകൊണ്ട് മഴക്കാലം ആരംഭിക്കുന്നതുവരെ കുടിവെള്ള വിതരണം സാധ്യമല്ല. ജലക്ഷാമം രൂക്ഷമായ പഞ്ചായത്താണ് കരുണാപുരം. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ മഴക്കുറവ് ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു. 17 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് അനുവദിച്ച തുക തികയില്ലെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ് നെടുങ്കണ്ടം കിഴക്കേക്കവലയിൽനിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുടങ്ങളുമായി ഭരണസമിതി അംഗങ്ങൾ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
തുടർന്നുനടന്ന ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാർ ഉദ്ഘാടനംചെയ്തു.കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം കെ.ആർ. സുകുമാരൻ നായർ, കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.