തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വനിതാ പി.ജി.ഡോക്ടർ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. മലപ്പുറം എടപ്പാൾ ആനന്ദഭവനിൽ പി.ഐശ്വര്യ (31)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുറിയിൽ വിഷം ഉള്ളിൽ ചെന്ന് ഐശ്വര്യയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകർ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലർച്ചയോടെ മരണമടയുകയായിരുന്നു. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ മെഡിക്കൽ കോളജാശുപത്രിയിലെത്തി. കളമശേരി കോപ്പറേറ്റീവ് മെഡിക്കൽ കോളജിലെ ഡോ. പ്രൊഫ. രാഹുൽ രാജ് ആണ് ഭർത്താവ്. ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മെഡിക്കൽ കോളജ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വയ്ക്കും.