ഏതൊരു പെണ്‍കുട്ടിയ്ക്കും പിതാവെന്നാല്‍ രക്ഷകനായിരിക്കും. എന്നാല്‍ ലോകത്ത് നടക്കുന്ന ചില സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ പിതാവിന്റെ കൈകളില്‍ പോലും സുരക്ഷിതരല്ല എന്നാണ്. സമാനമായ ഒരു സംഭവമാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നത്. പെണ്‍വാണിഭം നടത്തിയ പിതാവിനെതിരെ പരാതി നല്‍കിയതിനാണ് ഇരുപതുകാരിയായ ഖുഷ്ബു ദേവി സ്വന്തം പിതാവിന്റെ കൈകൊണ്ടുതന്നെയുള്ള ആസിഡ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന മകളെ വിളിച്ചുണര്‍ത്തിയാണ് മാനിക് ചന്ദ്ര അവളുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഖുഷ്ബുവിന്റെ മുഖം വികൃതമായി. ഖുഷ്ബുവിന് മാത്രമല്ല, ഭര്‍ത്താവിനും മകള്‍ക്കും പൊള്ളലേറ്റിരുന്നു.
അയാളെക്കുറിച്ച് എല്ലാം എനിക്കറിയാമായിരുന്നതുകൊണ്ടാണ് അയാള്‍ എന്നോടിത് ചെയ്തത്. കാരണം അയാള്‍ക്കെതിരെ പരാതിപ്പെടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാനത് പറഞ്ഞാല്‍ ആജീവനാന്തം അയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. എത്ര തവണ അയാള്‍ കല്ല്യാണം കഴിച്ചെന്നും എത്ര പെണ്‍കുട്ടികളെ കച്ചവടം നടത്തിയെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു. അയാളുടെ രീതികളുമായി ഒത്തുപോവാനാവാതെ ഞങ്ങളുടെ അമ്മ ജീവിതം അവസാനിപ്പിച്ചതിനുശേഷമാണ് പെണ്‍കുട്ടികളെ കച്ചവടം ചെയ്യാന്‍ തുടങ്ങിയത്. പിതാവിന്റെ ഈ അതിക്രമം കണ്ടാണ് ഞാനും എന്റെ നാല് ഇളയ സഹോദരങ്ങളും വളര്‍ന്നത്.
വളരെ ചെറുപ്പത്തില്‍ മാനിക് തന്നെ നിര്‍ബന്ധിച്ച് ഇഷ്ടിക കളത്തില്‍ ജോലിക്കയച്ചിരുന്നു. അവിടെ നിന്നും അച്ഛന്റെ പീഡന കഥകള്‍ ഏറെ കേട്ടു. പെണ്‍കുട്ടികള്‍ മാറി മാറി അയാളുടെ മുറിയിലേക്ക് കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. അവരില്‍ ഓരാള്‍ ഒരിക്കല്‍ തന്നോട് അവിടെ എന്താണ് നടക്കുന്നതെന്ന് പറഞ്ഞു. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്നും അതിന് ശേഷം വില്‍ക്കപ്പെടുകയുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്നവരില്‍ പലരും പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ വീട്ടില്‍ നിന്നും താന്‍ ഒളിച്ചോടി. വളരെ വൈകാതെ അയാള്‍ തന്നെ പിടികൂടി. നിരവധി തവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അയാള്‍ ഉടന്‍ അകത്താകുമെന്നാണ് കരുതപ്പെടുന്നത്. ഇനിയൊരു പെണ്‍കുട്ടിയും അയാളുടെ കൈകളില്‍ അകപ്പെടരുത്.