പയ്യന്നൂർ: പയ്യന്നൂർ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരൻ തെക്കെ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം കത്തിച്ചു കളഞ്ഞ കേസിൽ ഗൂഢാലാചന കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്ത നാലു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി 12 ന് പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യ ഹർജി മാറ്റിവയ്ക്കുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ആദ്യഘട്ടത്തിൽ അറസ്റ്റിലായ പയ്യന്നൂർ കൊറ്റിയിലെ കെ.പി. അബ്ദുൾ നാസർ (53), ഏലാട്ട് അബ്ദുൾ സലാം (72), സംഭവം നടക്കുന്ന സമയത്ത് മലേഷ്യയിലായിരുന്ന കൊറ്റിയിലെ ഫാസിൽ മൻസിലിലെ ഇസ്മായിൽ (42) എന്നിവർ ഹൈക്കോടതി അഭിഭാഷകരായ വിജയഭാനു , ശ്രീകുമാർ എന്നിവർ മുഖേന ശാസ്ത്രീയ നുണപരിശോധന ഉൾപ്പെടെ പരിശോധനകൾക്ക് വിധേയരാകാൻ തയാറാണെന്ന് ഹർജി നൽകാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേ സമയം കേസന്വേഷണ സംഘം കൊറ്റിയിലെ ധനകാര്യ സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്തി. സിബിഐ ഡിവൈഎസ്പി. ജെ. ഡാർവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത് സാമ്പത്തിക ഇടപാടാണ് ഹക്കീമിന്റെ കൊലപാതകത്തിന് മുഖ്യ കാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടെന്ന് അന്വേഷണ സംഘം സൂചന നൽകിയിരുന്നു.
നാലു പേരുടെ അറസ്റ്റ് നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും കൊലപാതക കൃത്യം നടത്തിയവരെയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാ മസ്ജിദിന് സമീപത്തെ മദ്രസക്ക് പിറകിൽ പള്ളി ജീവനക്കാരൻ ഹക്കീമിന്റെ മൃതദേഹം കത്തി കൊണ്ടിരിക്കുന്നത് നാട്ടുകാർ കണ്ടത്. ഒന്നര വർഷകാലത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ സംഘം സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തത്.